ചങ്ങനാശേരി: സിങ്കപ്പൂരിൽ ജോലി വാഗാദാനം ചെയ്തു പണം തട്ടിയ കേസിൽ കായംകുളം സ്വദേശിനിയെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കുന്നത്താലുംമൂട് അന്പലപ്പാട്ട് ഗംഗ ജയകുമാർ (26) ആണ് അറസ്റ്റിലായത്. ഇന്നു പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
സിങ്കപ്പൂരിൽ ജോലിക്കുള്ള വീസ വാഗ്ദാനം ചെയ്തു നിരവധി ഉദ്യോഗാർഥികളിൽനിന്നുമായി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി. അയ്മനം, പാന്പാടി, ചങ്ങനാശേരി എന്നിവിടങ്ങളിലെ പണം നഷ്ടപ്പെട്ടവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി പോലീസ് കേസെടുത്ത് ഇവർക്കായി അന്വേഷണം നടത്തിവരികയായിരുന്നു.
പോലീസ് അന്വേഷിക്കുന്നതു മനസിലാക്കിയ ഗംഗ വിദേശത്തേക്ക് കടന്നുകളഞ്ഞു.ഇവരുടെ സംഘത്തിൽപ്പെട്ട രണ്ടുപേർ ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടിയിരുന്നു. പിന്നീട് തട്ടിപ്പിനിരയായവർ ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള കോടതിയുടെ ഉത്തരവു പ്രകാരമാണ് ഇപ്പോൾ ഇവരെ അറസ്റ്റ് ചെയ്തത്.
കോട്ടയം ജില്ലാ പോലീസ് ചീഫ് ഡി. ശില്പയുടെ നിർദേശ പ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി വി.ജെ. ജോഫി, സിഐ ആസാദ് അബ്ദുൾ കലാം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.