അങ്കമാലി: സിനിമാ രംഗങ്ങളെ വെല്ലുന്ന ഉദ്യോഗജനകമായ സംഭവങ്ങൾക്കൊടുവിൽ വാഹന മോഷ്ടാവ് പോലീസിന്റെ പിടിയിലായി. തലശേരി പൂതൻവല്ലി ഫാസിൽ (31) നെയാണ് കിലോമീറ്ററുകൾ പിന്തുടർന്ന് അങ്കമാലി ഹൈവേ പോലിസ് സാഹസികമായി പിടികൂടിയത്.
അങ്കമാലി ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു ഇയാൾ. കാറിന്റെ താക്കോൽ ഉടമസ്ഥൻ ഊരിയെടുക്കാത്തത് മോഷ്ടാവിന് എളുപ്പമായി.വാഹനം പോകുന്നത് കണ്ട് ഉടമ ഒച്ചവച്ചു. ഈ സമയം അവിടെയെത്തിയ ഹൈവേ പോലിസ് കാറിനെ പിന്തുടർന്നു.
ഇതറിഞ്ഞ മോഷ്ടാവ് വാഹനം കെഎസ്ആർടിസി കോംപ്ലക്സിന് സമീപം ഉപേക്ഷിച്ച് ഇറങ്ങിയോടി. പിന്നാലെ പോലീസും. സ്റ്റാൻഡിന്റെ മതിലു ചാടി മോഷ്ടാവ് ഗവൺമെന്റ് ആശുപത്രിയിലെത്തി. പോലീസും വിട്ടില്ല. അവിടെനിന്ന് ഓടി ഓട്ടോസ്റ്റാൻഡിലെത്തി. ഓട്ടോ വിളിച്ച് കാലടി ഭാഗത്തേക്കു പോയി.
ഓടിയെത്തിയ പോലിസ് മറ്റൊരു ഓട്ടോയിലും, പോലിസ് വാഹനത്തിലുമായി പിന്തുടർന്ന് വിശ്വജോതി സ്ക്കൂളിനടുത്ത് ഓട്ടോയെ വട്ടം വച്ചു. അവിടെ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടി സ്റ്റേഷനിലെത്തിച്ചു.
സ്ഐ മാരായ ടി.കെ. ജോഷി, സി.ടി. ഷൈജു, എഎസ്ഐ ഒ.എ ഉണ്ണി, സിപിഒ മാരായ സുധീർ, അലി എന്നിവരാണ് പോലിസ് സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതിയെ പിടികൂടിയ ഉദ്യോഗസ്ഥരെ ജില്ലാ പോലിസ് മേധാവി കെ.കാർത്തിക് അഭിനന്ദിച്ചു. പോലിസ് മേധാവിയുടെ കാര്യാലയത്തിൽ വച്ച് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലിസ് മേധാവി ക്യാഷ് റിവാഡും പ്രശംസാപത്രവും വിതരണം ചെയ്തു.