കൊച്ചി: ഇന്നലെ കൊച്ചിയില്‍ പിടിയിലായ അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് സംഘം ലഹരി ഉത്പന്നങ്ങൾ വാങ്ങുന്നതിനായി ഇടപാടുകൾ നടത്തിയിരുന്നത് ഡാർക്ക് വെബ് വഴി. പിന്നീട് ലഹരി മരുന്ന് കൊറിയർ വഴി കൊച്ചിയിലെ സംഘങ്ങളിലേക്കെത്തും. ബിറ്റ് കോയിൻ നൽകിയാണ് പ്രതികൾ മയക്കുമരുന്ന് വാങ്ങിയിരുന്നത്.
സംഘത്തിലെപ്രധാനി നെവിൻ
പിടിയിലായ മയക്കുമരുന്നു സംഘത്തിലെ പ്രധാനി വടുതല സ്വദേശി നെവിന് അഗസ്റ്റിൻ(28)ആണ്. ഇയാളുടെ സ്വത്ത് വിവരങ്ങളും മറ്റു പോലീസ് അന്വേഷിച്ചു വരികയാണ്. ബാങ്ക് വിവരങ്ങള്‍, ആസ്തി വിവരങ്ങള്‍, മയക്കുമരുന്ന് വാങ്ങുന്ന ഉറവിടങ്ങള്‍ തുടങ്ങിയവയാണ് പോലീസ് അന്വേഷിക്കുന്നത്.
കൊടൈക്കനാല്‍ കേന്ദ്രീകരിച്ച് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന നെവിന് വര്‍ഷങ്ങളായി ഇത്തരത്തില്‍ മയക്കുമരുന്ന് കൊച്ചിയിലേക്കു കടത്തി വില്പന നടത്തിയിരുന്നതായാണു പോലീസ് പറയുന്നത്.
ജര്‍മന്‍ സ്വദേശിനിയെ വിവാഹം ചെയ്തു കഴിഞ്ഞ മാസം മുതല്‍ ചിലവന്നൂരില്‍ വാടകയ്ക്കു താമസം ആരംഭിക്കുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മയക്കുമരുന്ന് ഇടപാടിലൂടെ ഇയാള്‍ നേടിയെടുത്ത ആസ്തിവകകളെ കുറിച്ചാണു പോലീസ് പരിശോധന നടത്തുന്നത്.
റെയ്ഡ് അതീവരഹസ്യമായി
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജുവിന്റെ നിര്‍ദേശാനുസരണമായിരുന്നു റെയ്ഡ്.
നെവിന്റെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന അയ്യപ്പന്‍കാവ് ഇലഞ്ഞിക്കല്‍ വീട്ടില്‍ ലെവിന്‍ ലോറന്‍സ് (28), മയക്കുമരുന്ന് ഉപയോഗിക്കുകയും ഇവ ചെറിയ തോതില്‍ വില്പന നടത്തുകയും ചെയ്യുന്ന പച്ചാളം സ്വദേശി കോമരോത്ത് കെ.ജെ. അമല്‍ (22), അയ്യപ്പന്‍കാവ് സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ അക്ഷയ് (22) എന്നിവരുമാണു പിടിയിലായത്.
നാര്‍കോട്ടിക് സെല്‍ എസിപി കെ.എ. തോമസിന്റെ നേതൃത്വത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫ് ഇന്നലെ പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ 721 എല്‍എസ്ഡി സ്റ്റാമ്പുകള്‍, 1.08 ഗ്രാം ഹാഷിഷ്, 20 ഗ്രാം കഞ്ചാവ്, 804500 രൂപ എന്നിവ പിടിച്ചെടുത്തു. കൊച്ചി നഗരത്തില്‍ ആദ്യമായിട്ടാണ് ഇത്ര വലിയ അളവില്‍ എല്‍എസ്ഡി സ്റ്റാമ്പുകള്‍ ഒരുമിച്ച് പിടികൂടുന്നത്.
വാങ്ങൽ ബിറ്റ് കോയിൻ നൽകി
ഒരു ഡോളര്‍ മുതല്‍ മൂന്ന് ഡോളര്‍ വരെ വിലവരുന്ന ബിറ്റ്കോയിൻ നൽകി വാങ്ങിയിരുന്ന എല്‍എസ്ഡി സ്റ്റാമ്പ് ഇവിടെ 1,300 രൂപ മുതല്‍ 1,500 രൂപ നിരക്കിലാണു വില്പന നടത്തിയിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ആറ് എല്‍എസ്ഡി സ്റ്റാമ്പുകളുമായി അമലും അക്ഷയുമാണ് ആദ്യം പോലീസിന്റെ പിടിയിലാകുന്നത്.
ഇവരില്‍നിന്നാണ് അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് സംഘത്തെക്കുറിച്ച് വിവരം പോലീസിനു ലഭിച്ചത്. തുടര്‍ന്നു നടത്തിയ റെയ്ഡില്‍ സംഘത്തിലെ പ്രധാനിയായ നെവിന് അഗസ്റ്റിന് പിടിയിലായി.
ഇയാളുടെ വാടക വീട്ടില്‍നിന്നും 97 എല്‍എസ്ഡി സ്റ്റാമ്പുകളും, 1.08 ഗ്രാം ഹാഷിഷും, 20 ഗ്രാം കഞ്ചാവും, 78,6000 രൂപയും ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ഡിജിറ്റല്‍ ത്രാസ് എന്നിവയും പിടിച്ചെടുത്തു.
ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണു മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന ഏജന്റായ ലെവിന്‍ ലോറന്‍സ് പോലീസ് പിടിയിലായത്. ലെവിനില്നിന്ന് 618 എല്‍എസ്ഡി സ്റ്റാമ്പുകളാണു കണ്ടെടുത്തത്. കൂടാതെ 18,500 രൂപയും പിടിച്ചെടുത്തു.
ഇന്റർനെറ്റിലെ അധോലോകം
ഇന്റർനെറ്റിലെ അധോലോകം എന്നാണ് ഡാർക്ക് വെബ് അറിയപ്പെടുന്നത്. സാധാരണ നമ്മൾ ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ എല്ലാം ഗൂഗിളിൽ തെരഞ്ഞാൽ കാണാൻ സാധിക്കുന്നതാണ്. എന്നാൽ ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകളിൽ തിരഞ്ഞാൽ ലഭിക്കാത്ത ഡീപ് വെബ് എന്നൊരു വിഭാഗമുണ്ട്.
നിലവിൽ ഇന്റർനെറ്റിന്റെ 80 ശതമാനത്തിലധികം ഇത്തരത്തിലുള്ള ഡീപ് വെബ് വിഭാഗത്തിൽപ്പെടുന്നവയാണ്. ഡീപ് വെബിൽ നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന ഒരു ഭാഗമാണ് ഡാർക്ക് വെബ് എന്ന് അറിയപ്പെടുന്നത്.മയക്കുമരുന്ന് ഡീലുകൾ, ആയുധ കച്ചവടങ്ങൾ, മനുഷ്യക്കടത്ത്, ആക്രമണങ്ങൾ തുടങ്ങിയവക്കായാണ് ഡാർക്ക് വെബ് ഉപയോഗിക്കുന്നത്.
ബിറ്റ് കോയിൻ
സൈബര്‍ ലോകത്തെ ഡിജിറ്റല്‍ കറന്‍സിയാണ് ബിറ്റ് കോയിൻ. കമ്പ്യൂട്ടർ ഭാഷയിൽ തയാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ അല്ലെങ്കിൽ സോഫ്റ്റ്വെയർ കോഡാണിത്. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ “ക്രിപ്റ്റോ കറൻസി’ എന്നും വിളിക്കാറുണ്ട്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വില്പന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കു ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതിനെതിരേ രംഗത്തെത്തിയിരുന്നു.