ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശി ഗോപി(19)ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു മാസത്തിനിടെ രണ്ട് ആൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചതിന് ശേഷം കൊലപ്പെടുത്തിയത്.ആറും, എട്ടും വയസുള്ള മെല്ലാംപുടി, വടേശ്വരം സ്വദേശികളായ കുട്ടികളെയാണ് ഇയാൾ കൊലപ്പെടുത്തിയത്.
മെല്ലാംപുടി സ്വദേശിയായ ആറ് വയസുകാരന്റെ മരണത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഗോപിയുടെ പങ്ക് വ്യക്തമായത്.മാർച്ച് 14 ന് വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു.
പിന്നീട് രണ്ട് ദിവസത്തിന് ശേഷം കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ഗോപിയ്ക്ക് പങ്കുള്ളതായി ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഗോപി കുറ്റം സമ്മതിക്കുകയായിരുന്നു.
ഫെബ്രുവരി 11 ന് വടേശ്വരത്തു നിന്നും കാണാതായ മറ്റൊരു കുട്ടിയുടെ കൊലപാതകത്തെക്കുറിച്ചും ഇയാൾ പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു.