കൊച്ചി: കാക്കനാട് ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ രണ്ട് ഇതര സംസ്ഥാനക്കാർ വലിയ ബാഗുമായി പോകുന്നത് കണ്ട് സംശയം തോന്നിയ പോലീസ് ബാഗ് തുറന്നു നോക്കിയപ്പോൾ കിട്ടിയത് ആറര ക്കിലോ കഞ്ചാവ്. കാക്കനാട് ഐഎംജി ജംഗ്ഷനില്‍വച്ച് ഇവരെ തടഞ്ഞു പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
കൊച്ചി സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പോലീസും സംയുക്ത പരിശോധനയില്‍ ഗഞ്ചാം സ്വദേശി ടുകുന ഗൗഡ(36), ഗജാപതി സ്വദേശി സോമനാഥ് ജാനി(22) എന്നിവരെയാണ് പിടികൂടിയത്. പ്രതികള്‍ ഒഡീഷയില്നിന്നുമാണു കഞ്ചാവ് എത്തിച്ചതെന്നാണു വിവരം.
കിലോയ്ക്ക് 3,500 രൂപയ്ക്കു വാങ്ങുന്ന കഞ്ചാവ് ചെറിയ പൊതികളിലാക്കിയശേഷം പൊതിക്ക് 500 രൂപ നിരക്കിലായിരുന്നു ഇവര്‍ വിറ്റിരുന്നത്. നിര്‍മാണ ജോലികള്‍ക്കായി കേരളത്തിലെത്തിയ പ്രതികള്‍ ലോക്ക്ഡൗണ്‍ സമയത്ത് നാട്ടില്‍പോയി മടങ്ങിയശേഷം കഞ്ചാവ് വില്പനയിലേക്കു കടക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.
ടെക്കികളും ഇതര സംസ്ഥാന തൊഴിലാളുകളുമാണ് ഇവരുടെ പക്കല്‍നിന്നു കഞ്ചാവു വാങ്ങിയിരുന്നത്. കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.