പത്തനംതിട്ട: ക്വാറന്റൈനില്‍ കഴിഞ്ഞ യുവതിയെ ദേഹപരിശോധനയ്ക്കു ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ യുവാവിനെ ക്വാറന്റൈൻ ചെയ്തേക്കും. പത്തനംതിട്ട കുലശേഖരപതി വടക്കേച്ചരുവില്‍ ആദിലാണ് (19) പിടിയിലായത്.
പത്തനംതിട്ട നഗരത്തിലെ ലോഡ്ജില്‍ ക്വാറന്റൈനില്‍ കഴിയുന്ന യുവതിയുടെ മുറിയില്‍ ഇന്നലെ രാത്രി ഏഴിനാണ് യുവാവ് എത്തിയത്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകയായ യുവതി പെയ്ഡ് ക്വാറന്റൈനിലായിരുന്നു.
ലോഡ്ജില്‍ ജോലി ചെയ്യുന്ന ബന്ധുവിനെ കാണാനെത്തിയ ആദില്‍ മുറിയില്‍ യുവതി ഇരിക്കുന്നതു കണ്ടു. മടങ്ങിയെത്തിയ ആദില്‍ വാതിലില്‍ മുട്ടിവിളിച്ചു, ആരോഗ്യപ്രവര്ത്തകനാണെന്നു പറഞ്ഞു ക്ഷേമം അന്വേഷിച്ചു. ശാരീരിക പരിശോധനകള്‍ നടത്താനുണ്ടെന്നു പറഞ്ഞപ്പോള്‍ യുവതി കട്ടിലില്‍ കിടന്നതായും അയാൾ കണ്ണുകള്‍ പരിശോധിച്ചതായും പറയുന്നു.
തുടര്‍ന്ന് ഇയാള്‍ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചപ്പോൾ യുവതി ബഹളം വയ്ക്കുകയായിരുന്നു. ഇറങ്ങിയോടിയ ഇയാളെ പിന്നീട് പോലീസ് പിടികൂടി. വനിതാ പോലീസ് യുവതിയില്‍ നിന്നു മൊഴി ശേഖരിച്ചു. സമാനമായ കേസുകളില്‍ ആദില്‍ നേരത്തെ പ്രതിയായിട്ടുണ്ട്.
പ്രീ പെയ്ഡ് ക്വാറന്റൈനിലുള്ളവര്‍ മുറികളില്‍ ഉണ്ടെന്നറിഞ്ഞാണ് ആദില്‍ എത്തിയത്. ക്വാറന്റൈൻ കേന്ദ്രങ്ങളിലെത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ പിപിഇ കിറ്റ് ധരിച്ചാണ് എത്തുന്നത്. എന്നാല്‍ ഇതൊന്നുമില്ലാതെയാണ് ആദില്‍ എത്തിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം യുവാവിനെ നിരീക്ഷണത്തിലാക്കാനാണ് നീക്കം.