ചാലക്കുടി: കൊല്ലത്തിരുമേട്ടിൽ ആനയെ വെടിവെച്ചുകൊന്നു കൊന്പു മോഷ്ടിച്ച കേസിലെ ഏഴു പ്രതികൾക്കു തടവും പിഴയും ശിക്ഷ വിധിച്ചു ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേട്ട് എസ്. സൂരജ് ഉത്തരവായി. ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ കുട്ടുന്പുഴ കൂവപ്പാറ സ്വദേശികളായ പുറത്തയിൽ സജി (42), ഒറവങ്ങചാലിൽ ജിജൊ എന്ന ആണ്ടിക്കുഞ്ഞ് (37), സഹോദരൻ റെജി (40), കളരിക്കുടിയിൽ സേവ്യാർ (38) കീഴാറ്റുകുടിയിൽ ജിതിൻ (30) എന്നിവരെ അഞ്ചുവർഷം കഠിനതടവിനും 15, 000 രൂപ പിഴയടക്കാനാണു ശിക്ഷിച്ചിരി ക്കുന്നത്.
ആറാം പ്രതി തിരുവനന്തപുരം ചാക്ക സ്വദേശി ചെന്തിമുടന്പിൽ രവി (ചാക്ക രവി – 70), ഏഴാം പ്രതി തിരുവനന്തപുരം പുവത്തൂർ ശ്യാംകുമാർ (തന്പി – 56) എന്നിവരെ മൂന്നുവർഷം കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കാനുമാണു ശിക്ഷിച്ചത്. വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ കൊല്ലത്തിരുമേട് റെയ്ഞ്ചിൽ 2009 നവംബർ 15നാണ് ആനവേട്ട നടത്തിയത്. കുട്ടന്പുഴ സ്വദേശികളായ അഞ്ചുപ്രതികളും ആനവേട്ടയിൽ നേരിട്ടു പങ്കെടുത്തവരാണ്.
സജി സ്വന്തം തോക്കുപയോഗിച്ച് ആനയെ വെടിവച്ചു വീഴ്ത്തിയെന്നാണു കേസ്. ആണ്ടികുഞ്ഞ് ആനയുടെ തുന്പികൈ അറുത്തുമാറ്റി, കണ്ണുമുതൽ മസ്തകം വരെ വെട്ടിപ്പൊളിച്ച് ആനക്കൊന്പെടുത്തു. റെജിയും സേവ്യറും ജിതിനും സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു.സജി മലയാറ്റൂർ മൂന്നാർ വനം ഡിവിഷനുകളിലെ നാല് ആനവേട്ട കേസുകളിലും ജിജൊ മലയാറ്റൂർ വാഴച്ചാൽ ഡിവിഷനുകളിലെ 18 ആനവേട്ട കേസുകളിലും പ്രതിയാണ്.
കൊല്ലത്തിരുമേട് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സംഘം പിരിഞ്ഞു. ആണ്ടികുഞ്ഞ് പിന്നീട് കുപ്രസിദ്ധ ആന നായാട്ടുകാരൻ കൂടന്പുഴ വാസുവിനോടൊപ്പം മലയാറ്റൂർ വാഴച്ചാൽ വനഭാഗങ്ങളിൽ 2015-ൽ 18ഓളം ആനനായാട്ടുകൾ നടത്തിയിട്ടുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വാസുവിനോടൊപ്പം ആനയുടെ അടുത്തുപോയി വെടിവെക്കുന്ന ആണ്ടികുഞ്ഞ് ആനകളുടെ മസ്തകം വെട്ടിപൊളിച്ചു കൊന്പെടുക്കാൻ പ്രാവീണ്യമുള്ള ആളാണ്.
ആറാം പ്രതി ചാക്ക രവി ആനക്കൊന്പ് വിലയ്ക്കുവാങ്ങി ശില്പങ്ങളുണ്ടാക്കി വിൽക്കുന്നയാളാണ്. വേട്ടയാടിയ ആനകളുടെ കൊന്പ് വാങ്ങി സൂക്ഷിച്ചതാണ് ഏഴാം പ്രതി ശ്യാം. വേട്ടയ്ക്കു ഉപയോഗിച്ച തോക്കും ആനകൊന്പും വനംവകുപ്പ് പിടിച്ചെടുത്തിരുന്നു.
വനംവകുപ്പിനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ ടി.പി.രാധാകൃഷ്ണൻ ഹാജരായി. കൊല്ലത്തിരുമേട് റെയ്ഞ്ച് ഓഫീസറായിരുന്ന എ.ജയമാധവൻ അന്വേഷണം ആരംഭിച്ച കേസ് അന്വേഷണം പൂർത്തിയാക്കി ചാർജ് സമർപ്പിച്ചത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ.പ്രദീപാണ്.