പേരൂർക്കട: വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ വഴയിൽയിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പേർ പേരൂർക്കട പോലീസിന്റെ പിടിയിലായി. വിനോദ് വർമ്മ എന്ന യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളെയാണ് പേരൂർക്കട എസ്ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ശ്രീകാര്യംചെറുവയ്ക്കൽ സ്വദേശി ആഷിഷ് (20), ചിറയിൻകീഴ് ചിലന്പ് സ്വദേശി കിട്ടു എന്ന് വിളിക്കുന്ന വൈശാഖ് (21),ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശി അഭിജിത്ത് (20), ശ്രീകാര്യം ഇളംകുളം സ്വദേശി വിജീഷ് (23) എന്നിവരാണ് പിടിയിലായത്. കേസിൽ തിരുവല്ലം പാച്ചല്ലൂർ സ്വദേശി വിഷ്ണു എന്നൊരാളെ പിടികൂടാനുണ്ട്. വിനോദ് വർമ്മയുടെ കൂട്ടുകാരന്റെ സഹോദരിയെക്കുറിച്ച് ചിലർ മോശമായി സംസാരിച്ചിരുന്നു.
ഇതിന്റെ ഭാഗമായി സഹോദരിയോട് മോശമായി സംസാരിച്ചവരോട് കൂട്ടുകാരൻ താക്കീത് നൽകി. ഇതിന് പ്രതികാരം ചെയ്യാനെത്തിയവരാണ് വിനോദ് വർമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട നാലു പേരും ഇന്നലെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രാഥമിക ചികത്സയ്ക്ക് എത്തിയിരുന്നുവെങ്കിലും പോലീസ് പിറകേയുണ്ടെന്നു മനസിലാക്കി കടന്നുകളയുകയായിരുന്നു. പ്രതികൾ വരാൻ സാധ്യത കൂടുതലുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്. പ്രതികൾ റിമാൻഡിലാണ്.