അടൂർ: വിവാഹമോചനക്കേസിനു ബലമേകാൻ ഭാര്യ മുന്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ജോലി ചെയ്ത യുവാവിനെ തട്ടിക്കൊണ്ടുപോയി സംഭാഷണം റെക്കോർഡ് ചെയ്യിപ്പിക്കാൻ നടത്തിയ ശ്രമം പൊളിഞ്ഞത് പോലീസിന്റെ സമയോചിത ഇടപെടലിൽ. കൊട്ടാരക്കര കുളക്കട ലക്ഷ്മി നിവാസിൽ സൂരജ് (23)നെയാണ് കഴിഞ്ഞ 29ന് പകൽ അടൂർ ടൗണിൽ നിന്നു തട്ടികൊണ്ടുപോയത്. പരാതി ലഭിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പോലീസ് സൂരജിനെ കണ്ടെത്തുകയും കേസിൽ നാലുപേരെ പിടികൂടുകയും ചെയ്തു.
ആദിക്കാട്ട് കുളങ്ങര കുറ്റിപറന്പിൽ ഹാഷിം (28), സഹോദരൻ ആഷിഖ് (24) വലിയവീട്ടയ്യത്ത് തെക്കേതിൽ നിഷാദ് (41) വടക്കടത്തുകാവ് ഷമീർ മൻസിലിൽ ഷമീർ (34) എന്നിവരെയാണ് ഡിവൈഎസ്പി ആർ. ജോസ്, സിഐ സന്തോഷ് കുമാർ എന്നിവരുടെ നേത്യത്വത്തിൽ അറസ്റ്റ് ചെയ്തത്. ഹാഷിം തന്റെ ഭാര്യയു മായി വിവാഹമോചനത്തിന് കുടുംബ കോടതിയിൽ നടക്കുന്ന കേസ് ബലപ്പെടുത്താൻ അന്യ പുരുഷനുമായി ബന്ധമുണ്ടെന്ന് വരുത്താനാണ് സൂരജിനെ തട്ടിക്കൊണ്ടു പോയതെന്നു പറയുന്നു.
തങ്ങൾ പറയുന്നതുപോലെസൂരജിനെ കൊണ്ട് പറയിപ്പിച്ച് റെക്കോർഡ് ചെയ്തു കുടുംബകോ ട തി യിൽ നല്കാനുമായിരുന്നു പദ്ധതിയെന്ന് പോലീസ് പറഞ്ഞു. സൂരജിന്റെ സംഭാഷണം റെക്കോർഡ് ചെയ്യാൻ വിസമ്മതിച്ചപ്പോൾ മർദ്ദിക്കുകയും ചെയ്തു. മർദ്ദിച്ച് സൂരജിനെ കൊണ്ടെടുപ്പിച്ച ഓഡിയോ ശകലങ്ങളും വീഡിയോ ക്ലിപ്പിംഗും പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു.
29 ന് വൈകുന്നേരം അടൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് സമീപം കൊട്ടമുകൾ ഭാഗത്തു രണ്ടു പേർ സൂരജിനെ നിരീക്ഷിച്ച ശേഷം വേഗം പോയിരുന്നു. ഇതു കണ്ട് സൂരജ് തന്റെ സുഹൃത്തിനെ ഫോണിൽ വിവരം അറിയിക്കു കയും സുഹൃത്ത് എത്തിയപ്പോൾ സൂരജിനെ അവിടെ കാണാതെ വന്നപ്പോൾ ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചു. ഡിവൈഎസ്പിയും സിഐയും അടങ്ങുന്ന പോലീസ് സംഘം ഉടൻതന്നെ രംഗത്തിറങ്ങി.
ആദ്യം ഫോണിൽ വിളിച്ചപ്പോൾ മറ്റൊരാളാണ് ഫോണെടുത്തത്. സംഘത്തിന്റെ യാത്ര മനസിലാക്കി പോലീസും ഇവരെ പിന്തുടർന്നു.സൂരജിന്റെ ഫോണിലേക്ക് തുടരെ വിളികളും വാട്സ് ആപ്പ് സന്ദേശവും എത്തിയതോടെ പോലീസ് തങ്ങളെ പിന്തുടരുന്നുവെന്ന് സംഘം മനസിലാക്കി. തുടർന്ന് സൂരജിനെ ബൈക്കിൽ കയറ്റി 14-ാം മൈലിൽ കൊണ്ടുപോയി വിടുകയായിരുന്നുവെന്ന് പറയുന്നു.
സംഭവത്തെക്കുറിച്ച് പിന്നീട് സൂരജ് പറഞ്ഞതിങ്ങനെയാണ്. റസ്റ്റ് ഹൗസിനു മുന്പിൽ തന്റെ ബൈക്ക് തടഞ്ഞ് സംഘം ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയത്രേ. സെൻട്രൽ ടോളിലൂടെ ബൈപാസിലെത്തി ഹാഷിമിന്റെ വീടിന്റെ മുകളിലത്തെ നിലയിൽ കൊണ്ടുവന്ന് മർദിച്ചെന്നും പറയുന്നു. കോട്ടയത്തെ കെവിന്റെ അവസ്ഥ പറഞ്ഞായിരുന്നു തട്ടിക്കൊണ്ടുപോകലും മർദനവും. ശബ്ദം റെക്കോർഡ് ചെയ്യാനുള്ള ശ്രമം നടക്കാതെ വന്നതോടെ ക്രൂരമായി മർദിച്ചു.
തുടർന്ന് പോലീസ് എത്തുന്നുവെന്നു മനസിലാക്കി ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.കേസിൽ പ്രധാന പ്രതിയായി ചേർക്കപ്പെട്ടിരിക്കുന്ന ഹാഷിമിനെതിരെ മറ്റു നിരവധി ക്രിമിനൽ കേസുകൾ അടൂർ, നൂറനാട് പോലീസ് സ്റ്റേഷനുകളിലുണ്ട്. ഹാഷിമിന്റെ ഭാര്യയും സൂരജും നേരത്തെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരായതിനാൽ ഇയാളെ മുൻപരിചയവുമുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകലിനു മുന്പ് സുരജിനു നേരെ ഭീഷണി നിലനിന്നിരുന്നതായും പറയുന്നു.