ചെറായി: പതിനേഴുകാരിയായ കാമുകിയോടുള്ള വൈരാഗ്യം മൂലം കാമുകിയേയും വയോധികയായ രക്ഷിതാവിനെയും മർദ്ദിച്ച യുവാവിനെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. എടവനക്കാട് മായാബസാർ സ്വദേശി ആഷിക് – 24 ആണ് അറസ്റ്റിലായത്.
സംഭവത്തിനു ശേഷം ആശുപത്രിയിൽ അഡ്മിറ്റായ ഇയാൾ ഡിസ്ചാർജ് ആയശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴി പ്രകാരം പോലീസ് യുവാവിനെതിരേ പീഡനത്തിനും മർദ്ദനത്തിനുമാണ് കേസെടുത്തിട്ടുള്ളത്. ബാലികയും യുവാവും 2015 മുതൽ പ്രണയത്തിലായിരുന്നുവത്രേ.
ഇതിനിടെ ഇംഗിതത്തിനു വഴങ്ങാതെ വന്നപ്പോൾ യുവാവ് ബാലികയുടെ അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതു സംബന്ധിച്ച തർക്കമാണ് യുവാവ് ബാലികയുടെ വീട്ടിൽ കയറിചെന്ന് ബാലികയേയും പിടിച്ച് മാറ്റാൻ ചെന്ന വയോധികയായ രക്ഷിതാവിനെയും മർദ്ദിച്ചതെന്ന് പോലീസ് പറയുന്നു.