പാലോട്: മകൾക്കൊപ്പം ഉറങ്ങിക്കിടന്ന വീട്ടമ്മ കുത്തേറ്റ് മരിച്ച നിലയിൽ. ഭർത്താവ് ഒളിവിൽ.പെരിങ്ങമല പറങ്കിമാംവിള നൗഫര്‍ മന്‍സിലില്‍ നാസില ബീഗം (42) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് നെടുമങ്ങാട് വാളിക്കോട് പാറമുറ്റത്ത് തെക്കുംകര വീട്ടിൽ അബ്ദുൾ റഹീമിനെ പോലീസ് അറസ്റ്റു ചെയ്തു.
ഇന്നലെ രാവിലെയാണ് കുടുംബവീട്ടിലെ കിടപ്പുമുറയിൽ നാസിലയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.രാവിലെ നാസിലയെ കാണാത്തതിനെതുടർന്ന് ഉമ്മ കിടപ്പുമുറിയുടെ കതക് തുറന്ന് നോക്കിയപ്പോഴാണ് കഴുത്തിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ പോലീസിൽ വിവവരം അറിയിക്കുകയായിരുന്നു.
നാസിലക്ക് കുത്തേറ്റിട്ടും അടുത്ത് കിടന്ന 13 വയസുകാരിയായ മകള്‍ അറിഞ്ഞിരുന്നില്ലെന്നും രാവിലെ നാസിലയുടെ ഉമ്മ കുട്ടിയെ വിളിച്ചുണര്ത്തുകയായിരുന്നുവെന്നും വീട്ടുകാർ പോലീസിൽ മൊഴിനൽകി. ബുധനാഴ്ച രാത്രി റഹീം മകള്‍ക്ക് മിഠായി നല്‍കിയിരുന്നതായും രാവിലെ വയറുവേദനയെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും ബന്ധുക്കൾ മൊഴിനൽകി.
മിഠായിയില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം ചാക്ക ഐടിഐയിൽ ക്ലർക്കായി ജോലി ചെയ്യുന്ന അബ്ദുൾ റഹിം മുമ്പ് സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നുവെന്നും രണ്ട് വർഷമായി മദ്യപാനത്തിൽ നിന്നുള്ള മോചനത്തിനായി ചികിത്സയിലാണെന്നും ഇതിനുള്ള മരുന്നുകൾ കഴിക്കാറുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
അബ്ദുൾ റഹീമിന്റെ രണ്ട് ഫോണുകളിൽ ഒന്നും പതിവായി ഉപയോഗിക്കാറുള്ള ബാഗും വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു.തെളിവെടുപ്പിനെത്തിയ പോലീസ് നായ മണംപിടിച്ച് വാമനപുരം നദിക്കരയിലെത്തിയിരുന്നു.
റൂറൽ എസ്പി പി.കെ. മധുവിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് ഡിവൈഎസ്പി സുൾഫിക്കർ, പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ് എന്നിവരങ്ങുന്ന സംഘം അന്വേഷണം ആരംഭിച്ചു. നാസിലയുടെ മൃതദേഹം മെഡിക്കൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മക്കൾ: യാസർ, ഫൗസിയ .