കണ്ണൂർ: ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്ന പ്രതി 19 വർഷത്തിനുശേഷം പിടിയിൽ. ചെറുവത്തൂർ കടാങ്കോട്ടെ ഇട്ടമ്മൽ അബ്ദുൾ സലാമിനെ (52) യാണ് ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്. 2000 ഏപ്രിൽ 19നായിരുന്നു കേസിനാസ്പദമായ സംഭവം. വിരാജ്പേട്ടയിൽനിന്നു മൂന്നംഗ സുഹൃത്തുകൾ ട്രിപ്പ് വിളിച്ച് അംബാസിഡർ കാറിൽ കണ്ണൂരിലെത്തിയതായിരുന്നു.
സഫയർ ടൂറിസ്റ്റ് ഹോമിൽ ഇവർക്ക് താമസ സൗകര്യമൊരുക്കിയ ശേഷം ഡ്രൈവർ പുറത്തുവന്ന് അംബാസിഡർ കാറിൽ വിശ്രമിക്കുന്നതിനിടെ അബ്ദുൾ സലാമും കൂട്ടാളിയും ഡ്രൈവറെ മയക്കുമരുന്ന് നൽകി ഉറക്കിയ ശേഷം അംബാസിഡർ കാറുമായി കടന്നുകളയുകയായിരുന്നു.
പ്രതികളെ പിന്നീട് പോലീസ് അറസ്റ്റ്ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇതിനിടയിലാണ് കേസിലെ രണ്ടാം പ്രതി അബ്ദുൾ സലാം മുങ്ങിയത്. ടൗൺ സിഐയ്ക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാത്രി ചെറുവത്തൂരിലെ വീട് വളഞ്ഞാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.