വൈപ്പിന്‍: സുഹൃത്തിന്റെ സഹായത്തോടെ കടയില്‍ കയറി ഒളിച്ചിരുന്ന യുവാവ് കട തുറക്കാനെത്തിയ വിധവയായ യുവതിക്കുനേരേ പീഡനത്തിനു മുതിര്‍ന്നെന്ന് പരാതി.
ചെറായിയിലാണ് സംഭവം. കേസിൽ ഒരാളെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ സുഹൃത്തായ ചെറായി സ്വദേശി അഭിലാഷ്(27) ആണ് അറസ്റ്റിലായത്. മുഖ്യ പ്രതിയായ യുവാവ് ഒളിവിലാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഇന്നലെ രാവിലെയാണ് സംഭവം. യുവതി നടത്തുന്ന സ്ഥാപനം സാധാരണ പത്തുമണിക്കാണ് തുറക്കാറ്.
എന്നാല്‍ എന്തോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് ഒന്നാം പ്രതി സുഹൃത്തിനെക്കൊണ്ട് യുവതിയെ വിളിപ്പിച്ച് സ്ഥാപനം നേരത്തെ തുറപ്പിക്കുകയായിരുന്നു.
അതിനു മുമ്പായി യുവാവ് കള്ളത്താക്കോലിട്ട് കട തുറന്ന് അകത്ത് കയറി ഒളിച്ചിരിപ്പുണ്ടായിരുന്നത്രേ. ഈ കെണിയറിയാതെ രാവിലെ കട തുറന്ന് അകത്ത് കയറിയ യുവതിയെ കടയിലെ കര്‍ട്ടനു മറവില്‍ ഒളിച്ചിരുന്ന യുവാവ് കയറി പിടിക്കുകയായിരുന്നത്രേ.
യുവതി കുതറിയോടി ഒച്ചവച്ചപ്പോള്‍ ആളുകളെത്തിയതോടെ യുവാവ് രക്ഷപ്പെട്ടു. പിന്നീട് യുവതി മുനമ്പം പോലീസില്‍ നല്കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.