കുറവിലങ്ങാട്: മയക്കുമരുന്നും കഞ്ചാവുമായി പിടിയിലായ വിദ്യാർഥിയെക്കുറിച്ചു പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. കോട്ടയം വേളൂർ സ്വദേശി എ. അഭിജിത്ത് (21) ആണ് പിടിയിലായത്.
ഇയാൾക്കെതിരെ അടിപിടി ഉൾപ്പെടെയുള്ള കേസുകൾ നിലവിലുള്ളതാണ്. ഏഴു ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവും അര ലക്ഷത്തോളം രൂപ വിലപിടിപ്പുള്ള മയക്കുമരുന്നുമാണ് അഭിജിത്തിന്റെ പക്കലുണ്ടായിരുന്നത്.
ഇന്നലെ പുലർച്ചെ എംസി റോഡിൽ മോനിപ്പള്ളി ആച്ചിക്കൽ ഭാഗത്ത് കുറവിലങ്ങാട് പോലീസും ആന്റി നാർക്കോട്ടിക് സെല്ലും ചേർന്നു നടത്തിയ പരിശോധനയിലായിരുന്നു ഇയാൾ പിടിയിലായത്.
രഹസ്യ വിവരം ലഭിച്ച പോലീസ് സംഘം അമിത വേഗതയിൽ പാഞ്ഞെത്തിയ ബൈക്ക്, പോലീസ് വാഹനം കുറുകെയിട്ടാണ് തടഞ്ഞത്. ഇയാൾ രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടച്ചായിരുന്നു പോലീസിന്റെ നീക്കം.
ബാഗിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവും ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎയും കണ്ടെത്തിയത്. പാർട്ടി ഡ്രഗ്, ക്ലബ് ഡ്രഗ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന സിന്തറ്റിക് ഇനത്തിൽപെട്ട മാരക ലഹരിവസ്തുവാണ് എംഡിഎംഎ. പ്രതിയുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോട്ടയത്തും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്നതിനാണ് കഞ്ചാവും മയക്കുമരുന്നും എത്തിച്ചതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.
മുന്പും സമാനമായി രീതിയിൽ ബംഗളൂരുവിൽനിന്നും കോട്ടയത്തേക്ക് കഞ്ചാവും മയക്കുമരുന്നുമായി എത്തിച്ചിട്ടുള്ളതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ബംഗളൂരുവിൽ ബിബിഎ കോഴ്സിന് പഠിക്കുന്ന യുവാവ് മിക്കപ്പോഴും ആഢംബര ബൈക്കിൽ വീട്ടിലെത്തി മടങ്ങിയിരുന്നു.
റൈഡുകൾക്കായി ഉപയോഗിക്കുന്ന ആധുനിക ബൈക്കിൽ ബുധനാഴ്ച വൈകുന്നേരം ബംഗളൂരുവിൽ നിന്നു പുറപ്പെട്ട അഭിജിത്ത് ഒരു സ്ഥലത്തു പോലും നിർത്താതെയാണ് ആച്ചിക്കൽ വരെയെത്തിയത്.
സംസ്ഥാന അതിർത്തിയിൽ ഉൾപ്പെടെ ഒരു സ്ഥലത്തും പരിശോധന കൂടാതെ ലഹരിവസ്തുക്കളുമായി കേരളത്തിലെത്താനും കഴിഞ്ഞു. ഇയാൾ ലഹരി മാഫിയായിലെ പ്രധാന കണ്ണിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് ചീഫ് ഡി. ശില്പയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി, വൈക്കം ഡിവൈഎസ്പി എ.ജെ. തോമസ്, കുറവിലങ്ങാട് എസ്എച്ച്ഒ സജീവ് ചെറിയാൻ, കുറവിലങ്ങാട് എസ്ഐ തോമസുകുട്ടി ജോർജ്, എഎസ്ഐമാരായ ആർ. അജി, സാജുലാൽ, എസ്സിപിഒ എ.വി. ജോസ്, സിപിഒ രാജീവ്, ഡബ്ല്യുസിപിഒമാരായ ഇ.ഡി. ബിന്ദു, കെ.കെ. ബിന്ദു, നാർക്കോട്ടിക് സെൽ എസ്ഐ ബിജോയി മാത്യു, സിപിഒമാരായ ശ്യാം എസ്. നായർ, കെ.എസ്. ഷൈൻ, ജില്ലാ ആൻറി നാർക്കോട്ടിക് സെൽ സ്ക്വാഡ് അംഗങ്ങളായ തോംസണ് കെ. മാത്യു, അജയ്കുമാർ, ശ്രീജിത് വി. നായർ, വി.കെ. അനീഷ്, എസ്. അരുണ്, ഷമീർ സമദ്, ഹൈവേ പോലീസ് എസ്ഐ അശോകൻ, സിപിഒമാരായ റിമ്മോൻ, എം. സജി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. അഭിജിത്തിനെ പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.