പെരുന്പാവൂർ: പന്ത്രണ്ടു വയസുകാരിയായ മകളെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. തൃക്കാക്കര ഞാലകം സ്വദേശി തന്പിക്കുടി അബൂബക്കറി (43) നെയാണ് പെരുന്പാവൂർ പോലീസ് അറസ്റ്റുചെയ്തത്. കുടുംബപ്രശ്നങ്ങളെത്തുടർന്ന് അബൂബക്കറിനെ വിട്ട് ഭാര്യയും രണ്ടു പെൺമക്കളും ഇവരുടെ പെരുന്പാവൂരിലുള്ള അനുജത്തിയുടെ വീട്ടിലാണ് താമസിക്കുന്നത്.
കുടുംബവുമായി അബൂബക്കർ കാലങ്ങളായി അകൽച്ചയിലായിരുന്നു. കളമശേരിയിൽ ഇവർ താമസിച്ചിരുന്ന വീട്ടിൽ ദിവസവും മദ്യപിച്ചെത്തുന്ന പ്രതി ഭാര്യയെ മർദിക്കുക പതിവായിരുന്നു. ഇതേത്തുടർന്നാണ് ഭാര്യയും മക്കളും വീട്ടിൽ നിന്നു മാറിത്താമസിച്ചത്. പലപ്രാവശ്യം ഇവരെ അബൂബക്കർ തിരിച്ചുവിളിച്ചെങ്കിലും ഇവർ വരാൻ തയാറായില്ലെന്നു പറയുന്നു.
ബുധനാഴ്ച വൈകിട്ട് ഏഴോടെ മക്കളെ കാണാനെന്നപേരിൽ പെരുന്പാവൂരിലെത്തിയ അബൂബക്കർ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് രണ്ടു കുപ്പികളിലായി രണ്ടു ലിറ്റർ പെട്രോൾ കരുതിയിരുന്നു. ആദ്യം ഇളയമകളെ അടുത്തുവിളിച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച അബൂബക്കർ തുടർന്ന് സ്വന്തം ദേഹത്തും ഒഴിച്ചു.
പ്രതി കൈയിൽ കരുതിയിരുന്ന സിഗററ്റ് ലാന്പ് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ മകൾ നിലവിളിച്ചതോടെ വീട്ടുകാരും അയൽക്കാരും ഓടിയെത്തി. തുടർന്ന് പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സിഐ സുമേശ്, എസ്ഐ ലൈസാദ് മുഹമ്മദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.