റാന്നി: അടിച്ചിപ്പുഴ കോളനിയിൽ തേക്കുംമൂട്ടിൽ ആദിവാസിയുവാവ് ബാലു(19)വിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് പിടികൂടി. നാറാണംമൂഴി കണ്ണന്പിള്ളി വേങ്ങത്തോട്ടത്തിൽ ജോബി (35), ചെന്പനോലി ആശാരിപറന്പിൽ അശോകൻ (48), ചെന്പനോലി പുറത്തൂട്ട് ബെന്നി (60) എന്നിവരാണ് അറസ്റ്റിലായത്.
22നു പുലർച്ചെയാണ് ബാലുവിന്റെ മൃതദേഹം അടിച്ചിപ്പുഴ നിരപ്പുപാറയ്ക്കു സമീപം കാണപ്പെട്ടത്. 21നു രാത്രി 11നുശേഷമാണ് ബാലുവിന്റെ മരണം സംഭവിച്ചതെന്നു പോലീസ് പറഞ്ഞു.
ജോബി ഉൾപ്പെടെ ഏഴുപേരടങ്ങുന്ന സംഘം ഓട്ടോറിക്ഷയിൽ പോകുന്പോൾ ബാലു വഴിതടഞ്ഞുനിന്നു. ഓട്ടോയിൽനിന്ന് ഇറങ്ങിയ ആൾ തള്ളിമാറ്റുന്നതിനിടെ ബാലു റോഡിൽ തലയിടിച്ചു വീണു.
ജോബി തിരികെ ഓട്ടോയിൽ വരുന്പോൾ അശോകനും ബെന്നിയും ഒപ്പമുണ്ടായിരുന്നു. മദ്യലഹരിയിൽ റോഡിൽ കിടന്ന ബാലുവിന്റെ ശരീരത്തിലൂടെ ഓട്ടോ കയറ്റിയെന്നും ഇവർ മൊഴി നൽകി.
കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമായതാണെന്നാണു സൂചന. കൊല്ലപ്പെട്ട ബാലുവും കേസിലെ ഒന്നാം പ്രതിയായി ചേർക്കപ്പെട്ടിരിക്കുന്ന ജോബിയും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ആദിവാസി യുവാവ് കൊല്ലപ്പെട്ടതോടെ നിരവധി സംഘടനകൾ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.