നെടുമ്പാശേരി: കാമുകനുമൊത്ത് രണ്ടു തവണ ദുബായ് സന്ദർശിച്ചത് മാതാപിതാക്കൾ അറിയാതിരിക്കുന്നതിനായി പാസ്പോർട്ടിൽ കൃത്രിമം കാണിച്ച കടുത്തുരുത്തി സ്വദേശിനിയായ യുവതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി.
ഇന്നലെ വൈകുന്നേരം എത്തിഹാദ് വിമാനത്തിൽ ന്യൂയോർക്കിലേക്ക് പോകാനെത്തിയ യുവതിയുടെ പാസ്പോർട്ടിൽ രണ്ട് പേജ് വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. യുവതിയുടെ മാതാപിതാക്കൾ വർഷങ്ങളായി ന്യൂയോർക്കിലാണ്. യുവതി ബിരുദത്തിന് പഠിച്ചത് മംഗലാപുരത്താണ്. ഇവിടെവച്ച് പരിചയപ്പെട്ട കാമുകനുമൊത്താണ് യുവതി രണ്ട് തവണ ദുബായ് സന്ദർശിച്ചത്.
വിവരം മാതാപിതാക്കൾ അറിയാതിരിക്കുന്നതിനാണ് കാമുകന്റെ നിർദേശപ്രകാരം പാസ്പോർട്ടിൽ നിന്നു രണ്ടു പേജ് കീറിക്കളഞ്ഞത്. തുടർന്ന് വ്യാജ പേജ് തയാറാക്കി പതിപ്പിക്കുകയും ചെയ്തു. യുവതിയെ നെടുമ്പാശേരി പോലീസിനു കൈമാറി.