കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പിണർ മുണ്ടയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ മോറക്കാല പാപ്പാറ സ്വദേശി അജി വർഗീസിനെ (35) പോലീസ് അറസ്റ്റ് ചെയ്തു.
അജിയുടെ ഭാര്യ ബിനി(29)ക്കാണ് വെട്ടേറ്റത്. പിണർമുണ്ട റേഷൻ കടക്ക് സമീപം ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. അജിയും ബിനിയും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് അമ്പലമേട് പോലീസ് പറഞ്ഞു. അജി സ്ഥിരം മദ്യപാനിയാണ്.
വാക്കുതർക്കത്തിനിടെ വെട്ടുകത്തി ഉപയോഗിച്ച് ബിനിയുടെ കഴുത്തിന്റെ പിൻഭാഗത്ത് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതി അജിയെ സിഐ ലാൽ സി.ബേബിയുടെ നേതൃത്വത്തിലുള്ള പോലീസാണ് അറസ്റ്റ് ചെയ്തത്. ചോറ്റാനിക്കര കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കൊച്ചി കോർപ്പറേഷനിലെ മാലിന്യം നീക്കംചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവറാണ് അജി.