കറുകച്ചാൽ: യന്ത്രവാൾകൊണ്ട് പിതാവിനെയും മകനെയും ആക്രമിച്ച ശേഷം ഒളിവിൽ പോയ കേസിലെ രണ്ടാമത്തെ പ്രതിയെ പോലീസ് പിടികൂടിയത് ബന്ധുവീടുകളിലെ അന്വേഷണത്തിനൊടുവിൽ. ഇടയിരിക്കപ്പുഴ കാരമല കൊല്ലംപറന്പിൽ കെ.ജെ. അജിമോനെ (24) യാണ് കറുകച്ചാൽ പോലീസ് ചങ്ങനാശേരിയിൽ നിന്ന് അറസ്റ്റു ചെയ്തത്.
സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇയാൾ കാഞ്ഞിരപ്പള്ളിയിലുള്ള ബന്ധുവീടുകളിൽ കഴിഞ്ഞു വരുന്നതായി പോലീസിന് വിവരം ലഭിച്ചു. പോലീസ് കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോഴേക്കും ഇയാൾ കടന്നു കളഞ്ഞു. പിന്നീട് ചങ്ങനാശേരിയിൽ നിന്നാണ് ഇന്നലെ പിടികൂടിയത്. ആക്രമണത്തിനിടെ പ്രതിക്കും പരിക്കേറ്റിരുന്നു. മല്ലപ്പള്ളിയിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടിയതായും പോലീസ് കണ്ടെത്തി.
കങ്ങഴ കൈപ്പയിൽവീട്ടിൽ സലീം (59), മകൻ സബിൻ (27) എന്നിവരെ തടി അറക്കുന്ന യന്ത്രവാൾ ഉപയോഗിച്ച് അജിമോനും കൂട്ടുപ്രതിയും ചേർന്ന് ആക്രമിച്ചുവെന്നാണ് കേസ്. ആക്രമണത്തിൽ സലീമിന്റ തോളിനും കൈത്തണ്ടയ്ക്കും ഗുരുതരമായി പരിക്കേറ്റു.
സബിന്റ വലതുകൈയുടെ തള്ളവിരൽ മുറിഞ്ഞു തൂങ്ങി. സംഭവത്തിൽ അജിന്റെ ഒപ്പമുണ്ടായിരുന്ന ഇടയിരിക്കപ്പുഴ കാവുങ്കൽവീട്ടിൽ അമൽ സാബു (22)നെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. സബിനുമായി ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് അജിമോൻ പോലീസിനോട് പറഞ്ഞു.
പരിക്കേറ്റ സലിമും സബിനും ആശുപത്രിയിൽ ചികിത്സയിലാണ്. ചങ്ങനാശേരി ഡിവൈഎസ്പിയുടെ സ്പെഷൽ സ്കാർഡും, കറുകച്ചാൽ എസ്ഐ എം.കെ.ഷെമീർ, എഎസ്ഐ ഷാജിമോൻ, സിപിഒമാരായ ആന്റണി, സുരേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് അജിമോനെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.