കോട്ടയം: കോട്ടയത്ത് വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ പിടിയിലായ ആൾ സന്പാദിച്ചത് ലക്ഷക്കണക്കിനു രൂപ.
തിരുവല്ല നിരണം കിഴക്കേ തേവർകുഴി അജിൻ ജോർജി (27)നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. അജിൻ തട്ടിപ്പ് നടത്തിയിരുന്നതു പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു. യുവതികൾ ഉൾപ്പെടെയുള്ളവരിൽ നിന്നും 40,000രൂപ മുതലാണ് തട്ടിയെടുത്തത്.
വിദേശത്ത് സ്വന്തമായി തുടങ്ങുന്ന സ്ഥാപനത്തിലാണ്് ഇയാൾ ജോലി വാഗ്ദാനം ചെയ്തിരുന്നത്. 40ൽപ്പരം യുവതികൾ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവരോട് ജോലി വാഗ്ദാനം ചെയ്യും. പുതിയതായി തുടങ്ങുന്ന സ്ഥാപനത്തിൽ ജോലി നല്കുന്നതിനായി വീസയുടെ ചെലവിലേക്ക് 40,000 രൂപ മതിയെന്ന് പറഞ്ഞു വിശ്വസിപ്പിക്കും.
തുടർന്നു പണം വാങ്ങും. പീന്നിട് പല ആവശ്യങ്ങൾ പറഞ്ഞ് അഞ്ചു ലക്ഷത്തോളം രൂപയുമാണ് തട്ടിയെടുത്തിരുന്നത്.
പണം വാങ്ങുന്നത് നേരിട്ടെത്തി
പണം നല്കിയ പലരോടും കോവിഡ് കാലമായതിനാലാണ് സ്ഥാപനം തുടങ്ങാൻ വൈകുന്നതെന്നും ഇപ്പോൾ സ്ഥാപനം ആരംഭിച്ചാൽ നഷ്്ടമാണുണ്ടാവുകയെന്നും അജിൻ പറഞ്ഞിരുന്നു.
എല്ലാവരിൽ നിന്നും അജിൻ നേരിട്ട് എത്തിയാണ് പണം വാങ്ങിയിരുന്നത്. പണം നല്കുന്നവർക്ക് കൂടുതൽ വിശ്വാസ്യത ലഭിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ നേരിട്ട് എത്തി പണം വാങ്ങിയിരുന്നത്.
പണം നല്കിയ പലരും ഫോണിൽ വിളിക്കുന്പോൾ കോവിഡിന്റെ പേര് പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു.
സംക്രാന്തിയിൽ പിടി വീണു
പണം നല്കി ഏറെ നാൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെ കോട്ടയം പെരുന്പായിക്കാട് സ്വദേശിയായ യുവാവ് അജിനെ നിരീക്ഷിച്ചുവരികയായിരുന്നു.
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട സംക്രാന്തിയിലുള്ള ഒരാളുടെ വീട്ടിൽ പണം വാങ്ങുന്നതിനായി എത്തുന്ന വിവരം പെരുന്പായിക്കാട് സ്വദേശി അറിയുകയും സംക്രാന്തിയിൽ എത്തിയ അജിനെ തടഞ്ഞു വച്ചു നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയുമായിരുന്നു.
ഇയാളെക്കുറിച്ചു ഗാന്ധിനഗർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.