ചാത്തന്നൂർ: മൈലാടുംപാറയിൽ ഗൃഹനാഥനെ നാടൻ ബോബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ തുമ്പ സ്റ്റേഷൻ കടവ് പനച്ചിമൂട്ടിൽ അജയകുമാറിന്റെ മകൻ അഖിലിനെ (19) പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.പ്രദേശവാസിയായ അഫ്സലിന് നേരെ മൈലാടുംപാറ – ഇ.എസ്.ഐ റോഡിൽ പ്രതി പിന്തുടർന്ന് നാടൻ ബോംബെറിയുകയായിരുന്നു.
രാവിലെ നടക്കാനിറങ്ങുന്ന ഇരുവരും തമ്മിലുള്ള നിസാരവഴക്കാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ബോംബ് ദേഹത്ത് തട്ടാതെ റോഡിൽ വീണ് പൊട്ടിയതിനാൽ അഫ്സലിന് പരിക്കേറ്റില്ല. ഉഗ്രശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതി ഓടിമറഞ്ഞു.
വിവരമറിഞ്ഞ് പാരിപ്പള്ളി എസ്.ഐ രാജേഷ്, എ.എസ്.ഐ സലിം, സി.പി.ഒ മിഥുൻ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് അഞ്ച് ബോംബുകൾ പോലീസ് കണ്ടെടുത്തു. പ്രതിയെ ഇന്ന് പരവൂർ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
പഠനം പ്ലസ്ടുവിന്; മികവ് ബോംബ് നിർമ്മാണത്തിൽ
ചാത്തന്നൂർ: പാരിപ്പള്ളി മൈലാടുംപാറയിൽ ഗൃഹനാഥനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശിയായ അഖിൽ((19) നാല് മാസം മുമ്പാണ് പാരിപ്പള്ളിയിലെത്തിയത്.തിരുവനന്തപുരത്ത് തുമ്പ പോലീസ് സ്റ്റേഷനിൽ ബോംബ് നിർമ്മിച്ചതിനും ഉപയോഗിച്ചതിനും ഇയാൾക്കെതിരെ രണ്ട് കേസുകൾ നിലവിലുണ്ട്.
തുടർന്നാണ് വീട്ടുകാർ പാരിപ്പള്ളിയിൽ വാടകവീടെടുത്ത് സ്വകാര്യട്യൂഷൻ സെന്ററിൽ അഖിലിനെ പ്ലസ്ടുവിന് ചേർത്തത്.തിരുവനന്തപുരത്ത് നിന്ന് ഉത്സവാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന അമിട്ട് വാങ്ങി വെടി മരുന്ന് വേർതിരിച്ച് അതിനോടൊപ്പം മെറ്റൽ,കുപ്പിച്ചില്ല്,ആണി എന്നിവ ചേർത്താണ് ഇയാൾ നാടൻബോംബ് നിർമ്മിക്കുന്നത്.
നിർമ്മിക്കുന്ന ബോംബുകൾ സ്വന്തം ആവശ്യത്തിന് മാത്രമാണ് ഉപയോഗിക്കുന്നതെന്നും പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത ബോംബുകൾ കൊല്ലത്ത് നിന്ന് ബോംബ് സ്ക്വാഡ് എത്തി നിർവീര്യമാക്കി.