ഇടുക്കി: വീട്ടിൽ തനിച്ചായിരുന്ന യുവതിയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ 16 കാരനെ കസ്റ്റഡിയിലെടുത്തു.കട്ടപ്പന കൊച്ചുതോവാള നിരപ്പേക്കട സ്വദേശിനിയായ 30 കാരിക്കുനേരേയാണ് ഇന്നലെ വൈകുന്നേരം 5.30 ഓടെ ആക്രമണം ഉണ്ടായത്.
യുവതിയും ഭർത്താവും മാത്രമാണ് ഇവിടെ താമസം. ഭർത്താവ് കട്ടപ്പനയിൽ ജോലിസ്ഥലത്തായിരുന്നതിനാൽ സംഭവസമയം യുവതി തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്.
വീടിനു പുറത്തുവന്ന് ആരോ വിളിച്ചപ്പോൾ ഭർത്താവ് ആണെന്നു കരുതി വാതിൽ തുറന്ന യുവതിയെമുഖത്തു മുളകുപൊടി എറിഞ്ഞശേഷം ആക്രമിക്കുകയായിരുന്നു. കൈ കൊണ്ട് യുവതിയുടെ മുഖത്ത് ആഞ്ഞിടിച്ചു.
തുടർന്നു പിടിച്ച് വലിച്ചിഴച്ച് വീടിനുള്ളിലേക്കു കൊണ്ടുപോകാനുള്ള ശ്രമവും നടത്തി. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ അക്രമി ഓടിരക്ഷപ്പെട്ടു. തുടർന്ന് ഭർത്താവിനൊപ്പമെത്തി കട്ടപ്പന പോലീസിൽ പരാതി നൽകി.
കസ്റ്റഡിയിലായ കൗമാരക്കാരൻ കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രായപൂർത്തിയാകാത്തതിനാൽ നോട്ടീസ് നൽകി രക്ഷിതാക്കൾക്കൊപ്പം പ്രതിയെ വിട്ടയച്ചു. ജ്യുവനൈൽ ആക്ട് പ്രകാരം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.