ചിങ്ങവനം: ഓട്ടോ ഡ്രൈവറുടെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ചു പണം തട്ടിയെടുത്ത ഗുണ്ടാസംഘത്തിലെ ഒരാളെ ചിങ്ങവനം പോലീസ് അറസ്റ്റു ചെയ്തു. ചിങ്ങവനം കുഴിമറ്റം തൂക്കതലയ്ക്കൽ ആൽബി ഡേവിഡ് (38) ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവർക്കുവേണ്ടി അന്വേഷണം വ്യാപകമാക്കി.
ഇന്നലെ ഉച്ചയ്ക്കു 12നു കോടിമതയിൽ കോട്ടയം കെഎസ് ആർടിസി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ മാങ്ങാനം കൈതേപ്പാലം സ്വദേശി കെ.എ രതീഷി (38)നെയാണ് ആക്രമിച്ചു 2000 രൂപ തട്ടിയെടുത്തത്.
നഗരത്തിലെ ഓട്ടോ ഡ്രൈവറും നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയുമായ ആളുടെ നേതൃത്വത്തിലുള്ള നാലംഗ അക്രമി സംഘമാണ് രതീഷിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
കോടിമത ഭാഗത്തേക്ക് ഓട്ടം പോയതായിരുന്നു രതീഷ്. നാലുവരിപ്പാതയ്ക്കു സമീപത്തെ ഇടവഴിയിൽ യാത്രക്കാരനെ ഇറക്കിയശേഷം മടങ്ങി വരുന്നതിനിടെയാണ് നാലംഗ സംഘം റോഡിൽ തടഞ്ഞു നിർത്തിയത്. രതീഷിന്റെ പോക്കറ്റിൽ നിന്നു രണ്ടായിരം രൂപ എടുത്ത സംഘം ഇയാളോടു പോകാൻ ആവശ്യപ്പെട്ടു.
പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട രതീഷ് ഓട്ടോറിക്ഷയിൽ നിന്നു പുറത്തിറങ്ങി. ഇതോടെ സംഘം രതീഷിന്റെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ചു. ഈ സമയം പിന്നിൽ നിന്ന മറ്റൊരു യുവാവ് കൈയിൽ കരുതിയിരുന്ന കരിങ്കല്ലിന് രതീഷിന്റെ തലയ്ക്കിടിച്ചു.
കുരുമുളക് സ്പ്രേ പ്രയോഗത്തിൽ അസ്വസ്ഥനായ രതീഷ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, സമീപത്തു നിന്ന യുവാവ് കല്ലിന് എറിഞ്ഞു വീഴ്ത്തി. ഈ ഏറിൽ രീതിഷിന്റെ കാലിനും പരിക്കേറ്റു.
അക്രമികളിൽ നിന്നു രക്ഷപ്പെട്ട് ഓടിയ രതീഷ് രക്തം വാർന്ന് റോഡിൽ അബോധാവസ്ഥയിൽ വീണു. രക്തം വാർന്ന് റോഡിൽ കിടക്കുന്ന ഇയാളെ നാട്ടുകാരും ഓട്ടോഡ്രൈവർമാരും ചേർന്നാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
ചിങ്ങവനം എസ്എച്ച്ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികാണ്.