കൊണ്ടോട്ടി: കച്ചവടത്തിലെ വിരോധം തീർക്കാൻ വീടിനോട് ചേർന്നുളള അടയ്ക്കാപുരയ്ക്ക് തീകൊടുത്ത സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചെറുവായൂർ മൂലയിൽ അലി (58)യെയാണ് വാഴക്കാട് എസ്ഐ വിജയരാജൻ അറസ്റ്റു ചെയ്തത്. ചെറുവായൂർ പുഞ്ചിരിക്കാവ് അബൂബക്കറിന്റെ വാഴയൂരിലെ വീടിനോട് ചേർന്ന അടയ്ക്കാപുരയക്ക് ഇന്നലെ പുലർച്ചയാണ് തീപിടിച്ചത്.
പുക വീടിനുളളിലേക്ക് വന്നതോടെയാണ് കുഞ്ഞങ്ങളടക്കം വീട്ടിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. കിണറ്റിൽ നിന്ന് വെള്ളം പന്പ് ചെയ്ത് തീയണച്ചു. തുടർന്ന് വാഴക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു.പ്രതിയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞതോടെയാണ് പ്രതിയുടെ അറസ്റ്റിന് വഴിതെളിഞ്ഞത്.
രാത്രിയിൽ ബക്കറ്റിൽ മണ്ണണ്ണെയുമായി ഒരാൾ നടന്നു നീങ്ങുന്നത് സമീപത്തുള്ള വീടിന്റെ ടെറസിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. അടക്ക കച്ചവടത്തിന്റെ പേരിലുള്ള വഴക്കാണ് വീടിന് തീവയ്ക്കാൻ കാരണമായത്.
തീ പിടിച്ച വീട്ടിലെ ഗൃഹനാഥൻ അബൂബക്കറും അടക്ക കച്ചവടക്കാരനാണ്. തീപിടിച്ച സംഭവം കൊലപാതക ശ്രമമാണെന്ന് പിന്നീട് വ്യക്തമായി. വീടിന്റെ ചായ്പിന് സമീപം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. പടർന്ന മുറിയിലാണ് പിഞ്ചുകുഞ്ഞുൾപ്പെടെ ഉറങ്ങിയിരുന്നത്.
മുറിയിൽ പുകയും ചൂടും നിറഞ്ഞതോടെ കുട്ടികൾ ചുമച്ച് ഒച്ചവെച്ചു. ശബ്ദം കേട്ട് ഉണർന്ന മാതാപിതാക്കളാണ് കുട്ടികളെ രക്ഷിച്ചത്.അയൽക്കാരും നാട്ടുകാരും ഒച്ച കേട്ട് ഓടിയെത്തി തീയണയ്ക്കുകയായിരുന്നു.