നേമം: തലയ്ക്കടിയേറ്റ് രക്തം വാർന്ന് വൃദ്ധൻ മരിച്ചു. വെള്ളായണി കാരയ്ക്കാ മണ്ഡപം സെൻറ് ആന്റണീസ് പള്ളിക്ക് സമീപത്തെ സെറ്റിൽമെന്റ് കോളനിയിൽ എലിയാസ് (80) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മകൻ ക്ലീറ്റസ് (52) നെ നേമം പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്ന് പുലർച്ചെ ഒരുമണിയോടു കൂടിയാണ് സംഭവം. തടി കഷണം കൊണ്ട് തലയ്ക്ക് അടിയേറ്റ് രക്തം വാർന്ന് കിടന്ന എലിയാസിനെ പോലീസ് എത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
രാത്രിയിൽ ശബ്ദം കേട്ട് നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുയായിരുന്നു.മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് മകന്റെ അടിയേറ്റ് അച്ഛൻ മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അച്ഛനും മകനും കഴിഞ്ഞ ഒരു വർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. മിക്ക ദിവസം ഇരുവരും മദ്യപിച്ച് വഴക്ക് ഉണ്ടാക്കുക പതിവായിരുന്നു. പലപ്പോഴും നാട്ടുകാർ തന്നെ വിവരം അറിയിച്ച് പോലിസ് എത്തുക പതിവായിരുന്നു.