കോഴിക്കോട് : ബാറില്‍ നിന്നിറങ്ങുന്നവരെ ലക്ഷ്യമിട്ട് കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കുറ്റ്യാടി പാതിരപ്പറ്റ സ്വദേശി അല്‍ത്താഫ് (35) ആണ് കസബ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 11 നാണ് കേസിനാസ്പദമായ സംഭവം. കോട്ടപ്പറമ്പ് ആശുപത്രിയ്ക്ക് മുന്നിലൂടെ ജോലി കഴിഞ്ഞ് പോവുകയായിരുന്ന നല്ലളം സ്വദേശിയുടെ കൈയിലുണ്ടായിരുന്ന 3000 രൂപ പിടിച്ചുപറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ കസബ പോലീസ് ഈ മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നും പ്രതിയെ തിരിച്ചറിയുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അല്‍ത്താഫിനെ പിടികൂടിയത്. ബാറുകളില്‍ നിന്ന് മദ്യപിച്ച് പുറത്തേക്കിറങ്ങുന്നവരെ ലക്ഷ്യമിട്ട് കവര്‍ച്ച നടത്തിവരികയായിരുന്നു അല്‍ത്താഫ്.
പലരും പരാതി നല്‍കാറില്ല. നേരത്തെ പലകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അല്ത്താഫിനെതിരേ കേസുകള്‍ നിലവിലുണ്ടെന്ന് കസബ പോലീസ് പറഞ്ഞു.