തൃശൂർ: പ്രണയാഭ്യർഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ ആക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാര്യാട്ടുക്കര പെൽത്താസ് റോഡിൽ കരിപ്പായി വീട്ടിൽ സദാനന്ദന്റെ മകൻ അമൽ (25) ആണ് വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
അമലിന്റെ സഹോദരൻ അതുലുമൊന്നിച്ചാണ് ശനിയാഴ്ച രാവിലെ എൽതുരുത്ത് റോഡിൽ അതിക്രമം നടത്തിയത്. അതുലും അമലും കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നു പോലീസ് പറഞ്ഞു.
അതുലിന്റെ പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയുടെ അമ്മയെ സ്കൂട്ടർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഇടിച്ചു. റോഡിൽ തള്ളിയിടുകയും ചെയ്തു. പരിക്കുകളോടെ സ്ത്രീയെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പതിനെട്ടു വയസുള്ള മകളെ കഴിഞ്ഞ നവംബറിലും ആക്രമിച്ചിരുന്നു. സ്കൂട്ടർ ഓടിച്ചുപോയിരുന്ന പെൺകുട്ടിയെ റോഡിൽ തടഞ്ഞ് സ്കൂട്ടർ ചവിട്ടി മറിച്ചിട്ടു.
നിലത്തുവീണപ്പോൾ ചവിട്ടി പരിക്കേൽപിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അമലിനെ കോടതി റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു.