കൊച്ചി: ബൈക്കിലെത്തി പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്പിച്ചശേഷം ഓടിരക്ഷപ്പെട്ട യുവാവ് പിടിയിൽ. പടമുഗൾ താണപാടം അമലിനെയാണു പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിക്കും. അതേസമയം, പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടിയെ കളമശേരി മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. കുത്തേറ്റ മുറിവുകൾ ആഴത്തിൽ ഉള്ളതാണെന്ന് ഡോക്ടർമാർ അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം കാക്കനാട്-ഇൻഫോപാർക്ക് റോഡിൽ കുസുമഗിരി ആശുപത്രിക്കു സമീപമാണ് യുവാവ് പെണ്‍കുട്ടിയെ കുത്തിവീഴ്തിയത്. അത്താണി നെടുംകുളങ്ങരമല നൂർജഹാനാണ് (17) കുത്തേറ്റത്. ദേഹമാസകലം കുത്തേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയിൽ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കലൂരിലുളള സ്വകാര്യ കോളജിൽ ഡിഫാം പഠനത്തോടൊപ്പം കഴിഞ്ഞ ജൂലൈ മുതൽ കാക്കനാട്ടെ ഡേ കെയർ സ്ഥാപനത്തിൽ വൈകുന്നേരം പാർട്ട് ടൈമായി ജോലി ചെയ്തുവരികയായിരുന്നു പെണ്‍കുട്ടി. അമൽ വെൽഡിംഗ് ജോലിക്കാരനാണ്. ഇരുവരും തമ്മിലുള്ള പ്രണയം വീട്ടുകാർ അറിഞ്ഞതോടെ ഉണ്ടായ സംഭവവികാസങ്ങളാണ് പ്രതിയെ ഈ കടുംകൈയ്ക്കു പ്രേരിപ്പിച്ചതെന്നാണു നിഗമനം.
ജോലിക്കു പോകുകയായിരുന്ന പെണ്‍കുട്ടിയെ സ്വകാര്യ സ്ഥാപനത്തിനു സമീപം റോഡിൽ വച്ചാണ് ബൈക്കിലെത്തിയ അമൽ പിന്നിൽനിന്നു കത്തികൊണ്ടു കുത്തിയത്. കഴുത്തിനും വയറിനും നിരവധി കുത്തുകളേറ്റു. കരച്ചിൽ കേട്ടു പരിസരവാസികൾ എത്തിയപ്പോഴേക്കും ബൈക്ക് ഉപേക്ഷിച്ചു പ്രതി ഓടി രക്ഷപ്പെട്ടു.