കോട്ടയം: കാർ യാത്രക്കാർക്കുനേരേ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ സംഭവത്തിൽ ഒളിവിലുള്ള രണ്ടു പേർക്കു വേണ്ടി കറുകച്ചാൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ടു ഒരാളെ പോലീസ് പിടികൂടിയിരുന്നു. കൊറ്റൻചിറ തകടിയേൽ അബിൻ (21) ആണ് പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ചെറുവളളി വാഹനാനി ഹരീഷ് (24), താഴത്തുവടകര മെയ്യൂണിൽ ജോബിൻ (21) എന്നിവരാണ് ഒളിവിൽ കഴിയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെ കങ്ങഴ പ്ലാക്കൽപ്പടിയിലാണ് സംഭവം.
പ്ലാക്കൽപ്പടി സ്വദേശി നിഥിനും സുഹൃത്തുക്കളും പെട്രോൾ അടിക്കുന്നതിനായി പ്ലാക്കൽപ്പടിയിലെ പന്പിൽ കയറിയപ്പോൾ സ്കൂട്ടറിലെത്തിയ അബിനും സംഘവും കാറിന്റെ പിന്നിലെ വാതിൽ തുറന്ന് യാത്രക്കാരുടെ മുഖത്ത് അകാരണമായി മുളക് സ്പ്രേ അടിക്കുകയായിരുന്നു. ആളുകൾ ഓടിക്കൂടിയപ്പോൾ ഇവർ സ്കൂട്ടറിൽ രക്ഷപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ പത്തനാട് നിന്നുമാണ് അബിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മൂന്നു മാസം മുന്പ് ഇടയിരിക്കപ്പുഴയിൽ വ്യാപാരിയെ ആക്രമിച്ച് 50,000രൂപയും ഒന്നര പവൻ മാലയും തട്ടിയെടുത്ത കേസിലെ പ്രതികളാണ് ഇവർ. ഏതാനും ദിവസം മുന്പാണ് മൂന്നു പേരും ജാമ്യത്തിലിറങ്ങിയത്. പണത്തിനായി ആളുകളെ ആക്രമിക്കുന്നതാണ് ഇവരുടെ പതിവ്. സാധനം കടം കൊടുക്കാത്തതിനെ തുടർന്നുണ്ടായ വൈരാഗ്യമായിരുന്നു വ്യാപാരിയെ ആക്രമിച്ചതിന് പിന്നിൽ. അബിന്റെയും ഹരീഷിന്റെയും പേരിൽ കഞ്ചാവ് കച്ചവടം, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകൾ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലുണ്ട്.