തൃക്കരിപ്പൂർ: മദ്യപിച്ച് ദേശീയ പാതയിലൂടെ രോഗിയുമായി ആംബുലൻസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മുന്നാട് ചേരിപ്പാടി മഞ്ഞളാംപാറയിലെ ടി. ജയനെ (37) ആണ് ചന്തേര എസ്ഐ എൻ. വിപിൻ ഇന്നു പുലർച്ചെ അറസ്റ്റ് ചെയ്തത്.
മംഗളൂരു ഭാഗത്തു നിന്ന് രോഗിയുമായി കോഴിക്കോടേക്കു പോകുന്നതിനിടയിൽ നീലേശ്വരത്തും ചെറുവത്തൂരിലും രണ്ടിടങ്ങളിൽ നിയന്ത്രണം വിട്ട് ആംബുലൻസ് ഇടിച്ചു.
നാട്ടുകാർ കാലിക്കടവ് ടൗണിലെത്തിയപ്പോൾ വാഹനം നിർത്തി മറ്റൊരു ആംബുലൻസിൽ രോഗിയെ കയറ്റി അയക്കുകയുമായിരുന്നു. പുലർച്ചെ 2.30 ഓടെ ചന്തേര പോലീസ് സ്ഥലത്തെത്തി മദ്യപാന പരിശോധന നടത്തി സ്ഥിരീകരിച്ച ശേഷം ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു.
ആംബുലൻസ് ചന്തേര പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്. ചെറുവത്തൂരിലെയും കാലിക്കടവിലെയും നാട്ടുകാരുടെ ഇടപെടലാണ് വൻ ദുരന്തമൊഴിവാക്കാൻ കഴിഞ്ഞത്.