കല്ലന്പലം : നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ കല്ലമ്പലം പോലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് കുത്തേറ്റു.
വർക്കല ആശാരിമുക്ക് മേലേകോട്ടയ്ക്കകം അനസ് ജാൻ എന്ന പ്രതിയെ പിടികൂടുന്നതിനിടെയാണ് കല്ലന്പലം പോലീസ് സ്റ്റേഷനിലെ എസ്ഐ ജയൻ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വിനോദ്, ശ്രീജിത്ത്, ചന്തു എന്നിവർക്ക് കുത്തേറ്റത്.
ഇതിൽ ഗുരുതരമായി പരിക്കേറ്റ ശ്രീജിത്ത്, ചന്തു എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും വിനോദിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലും,എസ്ഐ ജയനെ കടുവായിൽ പള്ളിയിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
പാരിപ്പള്ളിയിലെ ബാറിന് സമീപം പ്രതി അനസ് എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഘം എത്തിയത്. പോലീസിനെ കണ്ടതോടെ പ്രതി കത്തിയുമായി ആക്രമണം നടത്തുകയായിരുന്നു.
പ്രതി എസ്ഐ ജയനെ നെഞ്ചിൽ ഇടിച്ച് പരിക്കേൽപിച്ചത് തടയാൻ ശ്രമിച്ച ശ്രീജിത്തിന്റെ നട്ടെല്ലിന് സമീപമായി കുത്തേറ്റു. ഉടൻ തന്നെ ശ്രീജിത്തിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അപകടനില തരണം ചെയ്തു. വിനോദിന്റെ കാലിനാണ് കുത്തേറ്റത്. കുത്തേറ്റെങ്കിലും പ്രതിയെ പോലീസ് സംഘം സാഹസികമായി പിടികൂടി.
പോലീസിനു നേരെ ബോംബ് എറിഞ്ഞ കേസിലും 28 -ആം മൈലിൽ ക്ലബിൽ ബോംബ് എറിഞ്ഞ കേസിലും ബാറിൽ അടിപിടി ഉണ്ടാക്കിയ കേസിലും പ്രതിയാണ് അനസ്.
പ്രതിക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും പോലീസ് അറിയിച്ചു.അയിരുർ, കല്ലമ്പലം, വർക്കല സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
പാരിപ്പള്ളി പോലീസ് സംഭവത്തിൽ കേസെടുത്തു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും .