വാളയാർ: ഗൾഫിലെ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുക്കളും പത്തുലക്ഷം രൂപയും തട്ടിയെടുത്ത കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. തൃശൂർ ചാവക്കാട് അകലാട് മൊയ്തീൻപള്ളി പണിക്കവീട്ടിൽ അനസി(25)നെയാണ് വാളയാർ എസ്ഐ അൻഷാദിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ ജൂലൈയിൽ നടന്ന കവർച്ചയിലെ മുഖ്യപ്രതിയാണിയാൾ.
ഗൾഫിൽ കച്ചവടക്കാരനായ ചാവക്കാട് സ്വദേശിയുമായി പ്രതിയുടെ പെണ്സുഹൃത്തായ ചേറ്റുവ സ്വദേശി റംസിയയെക്കൊണ്ട് ഫോണിലൂടെ ബന്ധം സ്ഥാപിപ്പിച്ചിരുന്നു. കഞ്ചിക്കോടാണ് വീടെന്നും വീട്ടിലെ പ്രാരബ്ധങ്ങൾ കാരണം എന്തെങ്കിലും ജോലി ശരിയാക്കിത്തരണമെന്നും പറഞ്ഞാണ് ഫോണ് ചെയ്തിരുന്നത്.
കഴിഞ്ഞ ജൂലൈയിൽ യുവതിയുടെ വാക്ക് വിശ്വസിച്ച് വാളയാറിൽ എത്തിയ പരാതിക്കാരന്റെ കാറിൽ റംസിയ കയറി ഇരിക്കുകയും ഈ സമയത്ത് ഇന്നോവ കാറിൽ വന്ന പ്രതികൾ പരാതിക്കാരന്റെ കാറിൽ മുന്നിൽനിന്ന് റംസിയയോടൊപ്പമുള്ള ഫോട്ടോകൾ എടുക്കുകയും ഫേസ്ബുക്കിലും മറ്റും ഇടുമെന്ന് ഭീഷണിപ്പെടുത്തി കോയന്പത്തൂർ ഭാഗത്തേക്കു തട്ടിക്കൊണ്ടുപോവുകയുമായിരുന്നു.
കോയന്പത്തൂർ പേരൂരിലുള്ള വീട്ടിലിട്ടു മർദ്ദിച്ച ശേഷം റംസിയയേയും ചേർത്തുനിർത്തി അർധനഗ്ന ഫോട്ടോകൾ എടുത്തിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി 10,38,000 രൂപ കൈപ്പറ്റുകയും 80 ലക്ഷം രൂപ വിലവരുന്ന സ്വത്തുക്കളുടെ പ്രമാണങ്ങളുണ്ടാക്കി പ്രതികളുടെ ബന്ധുക്കളുടെ പേരിൽ വില്പന നടത്താൻ നിർബന്ധിച്ച് കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു.
സംഭവത്തെതുടർന്ന് അന്യസംസ്ഥാനങ്ങളിലും മറ്റുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വിദേശത്തുള്ള ചേട്ടൻ മുഖേന വിദേശത്തേക്കു കടക്കാനിരിക്കെയാണ് വാളയാർ പോലീസ് അറസ്റ്റുചെയ്തത്. സമാനമായ രീതിയിൽ ഗൾഫിലുള്ളവരെ സ്ത്രീകളെ ഉപയോഗിച്ച് തട്ടിപ്പു നടത്തിയിരുന്ന തമിഴ്നാട് കേന്ദ്രീകരിച്ചുള്ള തട്ടിപ്പുസംഘത്തിലെ പ്രധാന കണ്ണിയാണ് മുഖ്യപ്രതിയായ അനസ്.
കഞ്ചാവുകേസുൾപ്പെടെ ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 25 -ലേറെ കേസുകൾ നിലവിലുണ്ട്. കേസിലെ മറ്റു പ്രതികളായ മലപ്പുറം വെളിയങ്കോട് സ്വദേശി മുജീബ് റഹ്മാൻ എന്ന ദാദ മുജീബ്, റംസിയ എന്നിവരെ നേരത്തെ അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തിരുന്നു.