കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ തൃശൂര്‍ മുകുന്ദപുരം സ്വദേശി തേവര്‍പറമ്പില്‍ ടി.എസ്. അനീഷ്(24) മയക്കുമരുന്ന് വാങ്ങുന്നതിനായി ലക്ഷങ്ങള്‍ കൈമാറിയതായി എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.
മയക്കുമരുന്നു കേസിലെ മുഖ്യപ്രതികളായ മൂന്നുപേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മയക്കുമരുന്ന് വാങ്ങുന്നതിനായി ഇയാള്‍ ലക്ഷങ്ങള്‍ അയച്ചുനല്‍കിയതായാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ഇയാള്‍ മയക്കുമരുന്ന് ചില്ലറ വില്പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.വാട്സ് ആപ്പ് പരിശോധിച്ചതിൽനിന്നാണ് എറണാകുളത്ത് ഇയാള്‍ വലിയ തോതില്‍ മയക്കുമരുന്ന് ചില്ലറ വില്പന നടത്തിയതായി തിരിച്ചറിഞ്ഞതെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എം. കാസിം പറഞ്ഞു.
കൊച്ചിയില്‍ ഒയോ റൂം നടത്തിക്കൊണ്ടിരുന്ന പ്രതി, താമസത്തിനെത്തിയവര്‍ക്കും മയക്കുമരുന്ന് വില്പന നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കൊച്ചിയില്‍ എക്സൈസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.