തിരുവല്ല: വയോധികനായ പിതാവിനെ മൃഗീയമായി മര്‍ദ്ദിച്ച സംഭവം സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തതിനു പിന്നാലെ കേസില്‍ കുടുങ്ങിയ മകന് മൂന്നു മാസത്തിനുശേഷം പോലീസ് പിടിയില്‍.
കവിയൂര്‍ കണിയാമ്പാറ കൊടിഞ്ഞൂര്‍ പനങ്ങായില്‍ ഏബ്രഹാം ജോസഫിനെ മര്‍ദ്ദിച്ച കേസില്‍ കഴിഞ്ഞ ഒളിവില്‍ കഴിഞ്ഞിരുന്ന മകന് അനിലിനെ ( 27 ) നെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ചങ്ങനാശേരി മുനിപ്പല്‍ മൈതാനത്തിന് സമീപത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ജൂണ്‍ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിതാവായ ഏബ്രഹാം ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ പോകുന്നതിനെ മദ്യപിച്ചെത്തിയ അനില്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന് വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
മര്‍ദ്ദന ദൃശ്യങ്ങള്‍ അയല്‍വാസിയായ പന്ത്രണ്ടുകാരന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കപ്പെടുകയും ഇതര മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തു. ഇതോടെ അനില്‍ ഒളിവില്‍ പോയി.
തുടര്‍ന്ന് തിരുവല്ല പോലീസ് അനിലിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത പ്രതി അനിലിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ സംസ്ഥാനത്തെ വിവിധ ജില്ലാ പോലീസ് മേധാവികള്‍ക്ക് കൈമാറിയിരുന്നു.
അന്വേഷണങ്ങള്ക്കൊടുവിലാൽ ചങ്ങനാശേരിയിലെ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്തിരുന്ന അനില്‍ പോലീസിന്റെ വലയിലായത്. ഏബ്രഹാമിന്റെ സംരക്ഷണ ചുമതല രണ്ട് മാസം മുമ്പ് അടൂര്‍ മഹാത്മാ ജന സേവാ കേന്ദ്രം ഏറ്റെടുത്തു.