കൊച്ചി: തന്ത്രപൂർവം സ്ത്രീകളുടെ ഫോണ് നന്പർ കൈക്കലാക്കിയശേഷം അവരെ വിളിച്ച് അശ്ലീല സംഭാഷണ നടത്തുന്ന കൊല്ലം സ്വദേശിയെ എറണാകുളം നോർത്ത് പോലീസ് തൃശ്ശൂരിൽനിന്നു പിടികൂടി. കൊല്ലം അഞ്ചൽ സ്വദേശി അനിൽകുമാർ (32) ആണ് പിടിയിലായത്.
സംഭവത്തെകുറിച്ച് പോലീസ് പറഞ്ഞത്; കഴിഞ്ഞ 19ന് വൈകുന്നേരം പ്രതി കലൂരുള്ള ഹോട്ടലിൽ എത്തുകയും അമ്മയെ പരിചയുണ്ടെന്ന് പറഞ്ഞ് ഹോട്ടലിലുണ്ടായിരുന്ന കുട്ടികളിൽനിന്ന് അമ്മയുടെ ഫോണ് നന്പർ വാങ്ങി.
ഈ സമയം അവിടെയെത്തിയ കുട്ടികളുടെ അമ്മ ഇയാളോട് കാര്യങ്ങൾ തിരക്കുകയും ഫോണ് നന്പർ വാങ്ങിയതെന്തിനാണെന്നും ചോദിച്ചപ്പോൾ പ്രതി യുവതിയെ പരസ്യമായി അസഭ്യം പറയുകയും റോഡിലേക്ക് തള്ളിയിടുകയും ചെയ്തു. പിന്നീട് യുവതിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് അശ്ലീലവും അസഭ്യവും പറഞ്ഞു.
ഹോട്ടലും കുടുംബത്തേയും ഇല്ലായ്മ ചെയ്യുമെന്നും ഭീഷണിയും മുഴക്കി. യുവതി നോർത്ത് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ തൃശൂർ ആന്പല്ലൂരിലുള്ള ബ്യൂട്ടി പാർലറിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. എസ്ഐ അനസ്, സീനിയർ സിപിഒ വിനോദ് കൃഷ്ണ, സിപിഒമാരായ അജിലേഷ്, ബിജുമോൻ എന്നിവരാണു പ്രതിയെ പിടികൂടിയത്.
ഭാര്യ ഉപേക്ഷിച്ച് പോയ പ്രതി സമാനരീതിയിൽ നിരവധി സ്ത്രീകളെ ശല്യം ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.