ചേലക്കര: പലിശ മുടങ്ങിയതിനു വധഭീഷണി മുഴക്കിയ ചേലക്കരയിൽ കൊള്ളപ്പലിശക്കാരൻ അറസ്റ്റിൽ. പുലാക്കോട് ചെമ്മങ്ങാട്ട് കുന്നത്ത് അനിൽകുമാർ (44) ആണ് അറസ്റ്റിലായത്.
പുലാക്കോട് സ്വദേശി വിനോദിന്റെ പരാതിയെ തുടർന്നാണ് ചേലക്കര സിഐ ഇ. ബാലകൃഷ്ണൻ ഇയാളെ അറസ്റ്റ് ചെയ്തത്. അനിൽകുമാറിന്റെ വീട്ടിൽനിന്നും മൂന്ന് ആധാരങ്ങളും രണ്ട് ചെക്ക് ലീഫുകളും പിടിച്ചെടുത്തു.
രണ്ടു വർഷം മുൻപാണ് വിനോദ് അനിൽകുമാറിന്റെ പക്കൽ നിന്നും ഒന്നര ലക്ഷം രൂപ പത്തുശതമാനം പലിശയ്ക്ക് വാങ്ങിയത്.
പിന്നീട് മുടങ്ങിയ പലിശയും ചേർത്തു മൂന്നരലക്ഷം രൂപയായി. ഇതിനു മാസം മുപ്പത്തയ്യായിരം വച്ച് പലിശയിനത്തിൽ വിനോദ് ലക്ഷങ്ങൾ അനിൽകുമാറിനു കൊടുത്തിരുന്നു.
രണ്ടു മാസത്തെ പലിശ മുടങ്ങിയപ്പോഴാണ് അനിൽകുമാർ വധഭീഷണി മുഴക്കിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്ഡ് ചെയ്തു.