സ്വന്തം ലേഖകൻ
ഇരിങ്ങാലക്കുട: വണ്‍വേ തെറ്റിച്ചുകയറി വന്ന സ്വകാര്യ ബസ് തടഞ്ഞ് നടപടിയെടുക്കാൻ ശ്രമിച്ച എസ്ഐക്കും പോലീസ് സംഘത്തിനുമെതിരെ ബസുടമയുടെ ഭീഷണി. ഇന്നു രാവിലെ 9.30ന് ഠാണാ ബസ് സ്റ്റാൻഡ് ബൈപാസിലാണു സംഭവം. രാവിലെയുണ്ടായ അപകടത്തെ തുടർന്ന് മേൽനടപടികൾ സ്വീകരിക്കാനെത്തിയ എസ്ഐ സി.വി. ബിബിൻ, സിവിൽ പോലീസ് ഓഫീസർ രാഹുൽ എന്നിവർക്കുനേരെയാണു സ്വകാര്യ ബസുടമയുടെ ഭീഷണിയും ബസ് ജീവനക്കാരുടെ ശകാരവർഷവും നടന്നത്.
സ്റ്റാൻഡിൽ നിന്നും വണ്‍വേ തെറ്റിച്ചുവന്ന സ്വകാര്യ ബസ് തിരിച്ചുപോകണമെന്നും അല്ലെങ്കിൽ പിഴ ഈടാക്കുമെന്നും എസ്ഐ പറഞ്ഞപ്പോൾ അത് അംഗീകരിക്കാൻ ബസ് ജീവനക്കാർ തയ്യാറായില്ല. ഇതിനിടെ ബസുടമയും ജീവനക്കാരും ബസിൽ നിന്നിറങ്ങിവന്ന് എസ്ഐ അടക്കമുള്ള പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ശകാരിക്കുകയും ചെയതു.
പിഴ നിശ്ചയിച്ചാൽ പോലീസിന്റെ കൈയിൽ തരില്ലെന്നും കോടതിയിൽ മാത്രമേ അടയ്ക്കൂവെന്നും ഉടമ ധാർഷ്ട്യത്തോടെ പറഞ്ഞു. ഏറെ നേരത്തെ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ജീവനക്കാർ ബസെടുത്ത് തിരിച്ചുപോയത്. എസ്ഐക്കും പോലീസ് സംഘത്തിനും നേരെ തട്ടിക്കയറുകയും ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത ബസ് ജീവനക്കാരനെ അറസ്റ്റു ചെയ്തു.
കൊറ്റനെല്ലൂർ സ്വദേശി മച്ചാട്ടുവീട്ടിൽ അനീഷ്(28) ആണ് അറസ്റ്റിലായത്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. റൂട്ട് തെറ്റിച്ചോടിയ ബസിനെതിരെ ആർടിഒയ്ക്ക് റിപ്പോർട്ട് നൽകുമെന്ന് എസ്ഐ സി.വി. ബിബിൻ പറഞ്ഞു.