പള്ളുരുത്തി: കൊച്ചിയിലെ സ്ഥാപനത്തിൽനിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശ കറൻസികളും സിഗരറ്റുകളും പിടികൂടി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. തേവര ജംഗ്ഷനു സമീപം ബോംബെ സ്റ്റോഴ്സ് എന്ന സ്ഥാപനം നടത്തുന്ന വടകര സ്വദേശികളായ അൻവർ(27), ജാഫർ(30) എന്നിവരെയാണ് മട്ടാഞ്ചേരി എക്സൈസ് സംഘം പിടികൂടിയത്.
ഇവരുടെ സ്ഥാപനത്തിൽ നിന്ന് നിന്ന് രണ്ടര ലക്ഷം രൂപ വീതമുള്ള വിദേശ-ഇന്ത്യൻ കറൻസികൾ, ഒന്നര ലക്ഷം രൂപയുടെ വിദേശ സിഗരറ്റ് എന്നിവയാണ് പിടികൂടിയത്. യുഎസ് ഡോളർ, യുഎഇ ദിർഹം, പൗണ്ട്, ദിനാർ, സിംഗപ്പൂർ ഡോളർ എന്നീ കറൻസികൾ പിടികൂടിയവയിൽ പെടും.
ഫോർട്ടുകൊച്ചിയിലെത്തിയ വിദേശികളുടെ പക്കൽ മുന്തിയ ഇനം സിഗരറ്റ് കണ്ടതിനെത്തുടർന്ന് സംശയംതോന്നിയ എക്സൈസ് സംഘം ഇവരെ ചോദ്യം ചെയ്തതിനെത്തുടർന്നാണ് സ്ഥാപനത്തിൽ തെരച്ചിൽ നടത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണത്തിനായി പ്രതികളെ എൻഫോഴ്സ്മെന്റിനു കൈമാറും. എക്സൈസ് സിഐ അഗസ്റ്റിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.