അമ്പലപ്പുഴ: 22-കാരന്റെ പീഡനത്തിനിരയായ വയോധിക മരിച്ചു. വീട്ടിൽ തനിച്ചു താമസിച്ചിരുന്ന അറുപത്തഞ്ചുകാരിയാണ് പീഡനത്തിനിരയായത്.
സംഭവത്തിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട നാഗമംഗലം കോളനിയിൽ സുനീഷി (അപ്പു-22)നെ തോപ്പുംപടിയിൽ നിന്ന് വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.25-നു രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്.
ഒറ്റക്ക് താമസിച്ചിരുന്ന വയോധികയുടെ വീട്ടിൽ പ്രതി സുനീഷ് മതിൽ ചാടിക്കടന്ന് വന്ന് വാതിലിൽ മുട്ടിവിളിച്ചു. തുടർന്ന് പീഡനത്തിന് വിധേയമാക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വയോധികയെ രാത്രി തന്നെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നഴ്സിനോടാണ് വയോധിക പീഡനവിവരം പറഞ്ഞത്.
തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു മൂന്ന് ദിവസത്തെ ചികിത്സയ്ക്കൊടുവിൽ ശനിയാഴ്ച ഉച്ചയ്ക്ക് 3 ‘ 30തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മുൻപരിചയം
വയോധികയുടെ ഭർത്താവും മകനും അടക്കമുള്ളവർ വിദേശത്താണ്. ഇവർ ഇവിടെ ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നത്. സുനീഷിന് വീട്ടമ്മയെ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നതായാണ് സൂചന.
ഇത് മുതലെടുത്തുകൊണ്ടാണ് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിച്ചതെന്നാണ് വിവരം.ദൃക്സാക്ഷികളില്ലാത്ത കേസായിരുന്നു ഇത്.
സുനീഷ് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നുമില്ല. സി.സി.ടി.വി. ദൃശ്യങ്ങളെ ആശ്രയിച്ചായിരുന്നു പോലീസിന്റെ ആന്വേഷണം നടന്നത്.
തുടർന്ന് വീടിന്റെ ഏറ്റവും അടുത്ത പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങളിൽനിന്ന് സുനീഷിനേപ്പോലെയുള്ള ഒരാൾ രാത്രി കടന്നു പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിക്കുകയായിരുന്നു.
പിന്നീട് സുനീഷിനെ പോലീസ് അന്വേഷിച്ചപ്പോൾ പ്രദേശത്ത് നിന്ന് മാറിത്താമസിക്കുന്നതായി അറിയാൻ കഴിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊച്ചിയിൽ നിന്നാണ് സുനീഷിനെ അറസ്റ്റ് ചെയ്യ്തത്.
കവർച്ച
ആദ്യം അതിക്രമിച്ച് കടന്ന് വൃദ്ധയുടെ മൊബൈൽ ഫോണും ടോർച്ചും പണവും കവർന്നതിനാണ് പോലീസ് കേസെടുത്തത്.
പിന്നീട് പോസ്റ്റ് മാർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷമാണ് പീഡനത്തിന് കേസെടുക്കാൻ പോലീസ് തയ്യാറായത്. ഇവരുടെ ആന്തരികാവയവങ്ങൾക്കുൾപ്പടെ ഗുരുതര പരിക്കേറ്റതായാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.
തോപ്പുംപടിയിൽ
പ്രതിയെ പിടികൂടാനായി ഡി.വൈ.എസ്.പി: എസ്. ടി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരുന്നത്.
നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തോപ്പുംപടിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
നിരവധി കേസുകളിലും പ്രതിയാണ് സുനീഷ്. അമ്പലപ്പുഴ സി.ഐ: എസ്. ദ്വിജേഷ്, പുന്നപ്ര സി.ഐ: മുഹമ്മദ് ലൈസാദ്, അമ്പലപ്പുഴ എസ്.ഐ. ടോൾസൻ .പി .ജോസഫ്, എ.എസ്.ഐ: സജിത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീരേഖ, സി.പി.ഒമാരായ വിനിൽ ,ടോണി വർഗീസ്, ദിലീഷ്, മനീഷ്, ദിനു വർഗീസ്, രാജീവ്, ബിനോയ് ജോർജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്..