ആലുവ: രാജ്യാന്തര കപ്പൽപ്പാത വഴി ആയുധങ്ങളും ലഹരിമരുന്നും കടത്തിയ കേസിൽ ശ്രീലങ്കൻ സ്വദേശിയെ ആലുവയിൽനിന്നും എൻഐഎ അറസ്റ്റ് ചെയ്തു.
വ്യാജരേഖകളുണ്ടാക്കി രാജ്യത്ത് അനധികൃതമായി താമസിച്ചു വന്നിരുന്ന അരസരത്തിനം രമേശ് എന്ന ഇയാളെ നേരത്തെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്ത് ആലുവ സബ് ജയിലിൽ റിമാൻഡിലായിരുന്നു.
ചൊവ്വാഴ്ച ജാമ്യത്തിലിറങ്ങിയ രമേശിനെ ആയുധക്കടത്തിലെ ബന്ധം സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു എൻഐഎ അറസ്റ്റ് ചെയ്തത്.
എകെ 47 തോക്കും വെടിക്കോപ്പുകളും 300 കിലോ ലഹരിമരുന്നുമടങ്ങിയ ശ്രീലങ്കൻ ബോട്ട് വിഴിഞ്ഞത്ത് പിടിയിലായ കേസിന്റെ അന്വേഷണത്തിലാണ് രമേശ് ഇപ്പോൾ അറസ്റ്റിലായത്.
വർഷങ്ങളായി ആലുവ അത്താണിയിൽ അനധികൃതമായി തങ്ങിയിരുന്ന ഇയാളെ മൂന്നു മാസം മുമ്പ് എറണാകുളം റൂറൽ പോലീസും തമിഴ്നാട് ക്യൂ ബ്രാഞ്ചും ചേർന്നാണ് ആദ്യം അറസ്റ്റ് ചെയ്തത്.
ഇയാളോടൊപ്പം പിടിയിലായ സഹോദരൻ സുരേഷ് രാജാണ് ആയുധക്കടത്ത് കേസിലെ മുഖ്യപ്രതി. ഇയാൾ ഇപ്പോൾ തമിഴ്നാട്ടിൽ റിമാൻഡിലാണ്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ രമേശിന് ആയുധക്കടത്തിൽ കൂടുതൽ ബന്ധമുള്ളതായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അത്താണിയിലെ ഇയാളുടെ വാടക വീട്ടിൽ പരിശോധന നടത്തിയതിൽനിന്നും ആയുധവും ലഹരിയും കടത്തുന്നതുമായി ബന്ധമുള്ള രേഖകൾ എൻഐഎ കണ്ടെത്തുകയായിരുന്നു.
അനധികൃതമായി താമസിച്ചുവെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ ഉടനെയായിരുന്നു അറസ്റ്റ്.കഴിഞ്ഞ മാർച്ചിലാണ് വിഴിഞ്ഞത്ത് വച്ച് രവിഹൻസിയെന്ന ബോട്ട് ആയുധങ്ങളും ലഹരിമരുന്നുകളുമായി പിടിയിലാകുന്നത്. ശ്രീലങ്കൻ തീവ്രവാദികളടങ്ങുന്ന ആറംഗ സംഘവും അറസ്റ്റിലായി.
രമേശടക്കം 8 ശ്രീലങ്കക്കാരും ഒരു തമിഴ്നാട് സ്വദേശിയും ഇതുവരെ കേസിൽ അറസ്റ്റിലായിട്ടുണ്ട്. കേരളത്തിന്റെ തീരദേശങ്ങൾ കേന്ദ്രീകരിച്ച് ആയുധ, ലഹരിക്കടത്ത് വ്യാപകമാകുന്നുവെന്ന സൂചനയെ തുടർന്ന് സംസ്ഥാന പോലീസ് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.