മാനന്തവാടി: പനമരം താഴെ നെല്ലിയന്പം ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് സ്റ്റേഷനിൽവച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
താഴെ നെല്ലിയന്പം കാവടത്ത് വൃദ്ധ ദന്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ച കൊലപാതകം നടന്ന വീടിന് സമീപത്തെ കുറുമകോളനിയിലെ അർജുൻ(24) ആണ് മാനന്തവാടി ഡിവൈഎസ്പി ഓഫീസിൽവച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
സ്റ്റേഷനിൽവച്ച് വിഷം കഴിച്ച യുവാവ് ഇറങ്ങിയോടിയതിനെ തുടർന്ന് പോലീസുകാർ പിടിച്ചപ്പോഴാണ് താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് അറിയിച്ചത്.
തുടർന്ന് യുവാവിനെ മാനന്തവാടി മെഡിക്കൽ കോളജിലും വിദഗ്ധ ചികിത്സക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവാവ് കയ്യിലിരുന്ന എലിവിഷം കഴിക്കുകയായിരുന്നുവെന്നാണ് സൂചന. കൊലപാതകത്തിൽ യുവാവിന് പങ്കുണ്ടോ എന്ന കാര്യത്തിൽ പോലീസ് ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ജൂണ്‍ 10 ന് രാത്രിയിലാണ് റിട്ടയേർഡ് അധ്യാപകൻ പത്മാലയത്തിൽ കേശവൻ(72), ഭാര്യ പത്മാവതി(68) എന്നിവരെ വീടിനുള്ളിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.