തൃശൂർ: മുൻ ജില്ലാ കളക്ടർ എം. കൗശിഗന് അറസ്റ്റു വാറന്റ്. ഒരു കേസിൽ സമൻസ് അയച്ചിട്ടും നാലു തവണ ഹാജരാകാതിരുന്നതിനു സിജെഎം കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. വടക്കാഞ്ചേരിയിൽ 23 സെന്റ് പുറന്പോക്കു ഭൂമി കൈയേറി പണിത എൻജിഒ യൂണിയൻ വടക്കാഞ്ചേരി ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘം എന്നീ ഓഫീസുകൾ പൊളിപ്പിക്കണമെന്ന പരാതിയിൽ നടപടിയെടുക്കാതിരുന്നതിനെ ചോദ്യം ചെയ്തുള്ള കേസിലാണ് നടപടി.
കുമരനെല്ലൂർ സ്വദേശി കെ.ടി. ബെന്നി നൽകിയ ഹർജിയിൽ കളക്ടർക്കു പുറമേ, കുന്നകുളം തഹസിൽദാർ ബ്രീജകുമാരി, അഡീഷണൽ തഹസിൽദാരായിരുന്ന ബേബി, വില്ലേജ് ഓഫീസറായിരുന്ന ജികേഷ് മാധവൻ, എൻജിഒ യൂണിയൻ ബ്രാഞ്ച് സെക്രട്ടറി കൃഷ്ണകുമാർ, സഹകരണ സംഘം പ്രസിഡന്റ് എം.പി. രാമനാഥ് എന്നിവരാണ് എതിർകക്ഷികൾ.