തിരുവനന്തപുരം: മദ്യലഹരിയിൽ പിതാവിനെ ക്രൂരമായി മർദിച്ച് വാരിയെല്ല് അടിച്ച് തകർത്ത കേസിൽ മകനെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. വലിയതുറ മാധവപുരം സ്വദേശി അരുണ്‍ (41) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ പിതാവ് അശോകൻ (67)നെയാണ് ക്രൂരമായി മർദിച്ച് വാരിയെല്ല് അടിച്ച് തകർത്തതെന്ന് പോലീസ് പറഞ്ഞു. തലസ്ഥാനത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ് പിതാവ്.
വേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഒരു സ്ഥാപനം നടത്തി വരികയാണ് അരുണ്‍. പിതാവിനെ ഇയാൾ നിരന്തരം മർദിക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥിരാജിന്റെ നിർദേശാനുസരണം വലിയതുറ സിഐ. പ്രകാശ്, എസ്ഐ.മാരായ അഭിലാഷ്, അലീന, എഎസ്ഐ. ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇയാളുടെ പേരിൽ അബ്കാരി കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.