ആലപ്പുഴ: ബൈക്ക് സവാരിക്കിടെ റോഡരുകിലെ ചെളി ദേഹത്തേക്ക് തെറുപ്പിച്ചത് ചോദ്യം ചെയ്ത മധ്യവയസ്ക്കനെ കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികൾ പോലീസ് പിടിയിൽ. കൈതവന ശങ്കരശേരിവെളി മനുശങ്കർ (25), തോണ്ടൻകുളങ്ങര കിളിയൻപറന്പിൽ അരുണ്‍കുമാർ (26) എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കുത്തേറ്റ മങ്കൊന്പ് സ്വദേശി സോമസുന്ദരം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കരളിനും വൻകുടലിനും പരിക്കേറ്റ ഇയാൾ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 ഓടെ കൈതവന ജംഗ്ഷന് സമീപമായിരുന്നു സംഭവം.
ട്രാക്ടർ ഡ്രൈവറായ സോമസുന്ദരം വീട്ടിലേക്ക് പോകുന്നതിനായി ബസ് സ്റ്റോപ്പിൽ നിൽക്കുന്പോൾ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം തെറുപ്പിച്ച ചെളി ദേഹത്ത് വീണിരുന്നു. ഇത് ചോദ്യം ചെയ്തതിനെത്തുടർന്ന് ഇരുവരും ചേർന്ന് ഇയാളെ മർദിക്കുകയും കുത്തുകയുമായിരുന്നു.
സംഭവശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. അറവുകാടിന് സമീപം വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇരുവരെയും ഇന്നലെ വൈകുന്നേരം പിടികൂടുകയായിരുന്നു.
പിടിയിലായ മനുശങ്കർ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായ ഇയാൾ രണ്ടാഴ്ചമുന്‍പാണ് പുറത്തിറങ്ങിയത്. അരുണ്‍കുമാറിനെ ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യാൻ പോലീസ് ശിപാർശ ചെയ്തിരിക്കുകയായിരുന്നു. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.