മൂലമറ്റം: മൊബൈൽ ഫോണിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് മധ്യവയസ്കൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതിയെ ഇന്നു സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തും.
പൂച്ചപ്ര കൊല്ലംപ്ലാക്കൽ സനൽ (50) വെട്ടേറ്റു മരിച്ച കേസിൽ പോലീസ് അറസ്റ്റുചെയ്ത പൂച്ചപ്ര ചേലപ്ലായ്ക്കൽ അരുണി (ഉണ്ണി-38)നെയാണ് ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തുന്നത്.
അരുണ്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽവച്ചാണ് ശനിയാഴ്ച രാത്രി കൊലപാതകം നടന്നത്. സുഹൃത്തുക്കളായ ഇരുവരും തമ്മിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സംഭവദിവസം കൂലിപ്പണിക്കാരായ ഇരുവരും സുഹൃത്തുക്കളും ചേർന്ന് അരുണിന്റെ വീട്ടിലെത്തി മദ്യപിച്ചിരുന്നു. മറ്റു സുഹൃത്തുക്കൾ പോയതിനുശേഷം സനലിന്റെ ഫോണ്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
പുതിയ ഫോണ്‍ വാങ്ങി നൽകണമെന്ന് സനൽ ആവശ്യപ്പെട്ടതോടെ പ്രകോപിതനായ അരുണ്‍ ഇയാളെ ആക്രമിക്കുകയുമായിരുന്നു. വെട്ടേറ്റ സനൽ സംഭവസ്ഥലത്തുതന്നെ മരിച്ചു.
കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. അരുണിനെ ഇന്നു കോടതിയിൽ ഹാജരാക്കും.