തിരുവനന്തപുരം : മുടവൻമുഗളിലെ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡു ചെയ്തു. കുടുംബവഴക്കിനെ തുടർന്നുണ്ടായ വിരോധത്തിൽ ഭാര്യാപിതാവിനെയും ഭാര്യാസഹോദരനെയും കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ മുട്ടത്തറ സ്വദേശി അരുണ്‍ (32) നെയാണ് കോടതി റിമാൻഡു ചെയ്തത്.
മുടവൻമുഗൾ മണ്ണാംകോണത്ത് ലെയ്നിൽ അനിതാഭവനിൽ വാടകക്ക് താമസിക്കുന്ന സുനിൽകുമാർ (48) ഇദേഹത്തിന്റെ മകൻ അഖിൽ (25) എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പതിനായിരുന്നു സംഭവം. സുനിലിന്റെ മകൾ അപർണയുടെ ഭർത്താവ് അരുണാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അപർണയും അരുണും ഏറെ നാളായി പിണങ്ങി കഴിയുകയായിരുന്നു.
മദ്യപാനിയായ അരുണിന്റെ ഉപദ്രവം സഹിക്കവയ്യാതെ അപർണ പിതാവ് സുനിലിനോടൊപ്പമാണ് താമസിച്ച് വന്നിരുന്നത്.ഇന്നലെ രാത്രിയിൽ മദ്യപിച്ചെത്തിയ അരുണ്‍ അപർണയെ തന്നോടൊപ്പം അയക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതിനെ അപർണയും പിതാവും സഹോദരനും എതിർക്കുകയും വിവാഹമോചനത്തിന് വേണ്ടിയുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന വിവരം അരുണിനെ അറിയിക്കുകയും ചെയ്തു.
ഇതേ തുടർന്ന് അരുണ്‍ കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് അഖിലിനെയും സുനിൽകുമാറിനെയും കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂജപ്പുര പോലീസ് മേൽനടപടി സ്വീകരിച്ചു.
സുനിൽകുമാറിന്റെയും അഖിലിന്റെയും ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മരണമടഞ്ഞ സുനിൽകുമാർ സിഐടിയു തൊഴിലാളിയാണ്. വിദേശത്തായിരുന്ന അഖിൽ ഈ അടുത്തകാലത്താണ് നാട്ടിൽ അവധിക്കെത്തിയത്.