കാട്ടാക്കട: വീട്ടിൽ അതിക്രമിച്ചു കടന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ അഞ്ചംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ.
മാറനല്ലൂർ നീറമൺകുഴി കീഴ്പ്പട്ടുവിള ചാനൽക്കര വീട്ടിൽ സന്തോഷിനെ (40-ലാലു) ആക്രമിച്ച കേസിൽ തടിമില്ല് ജീവനക്കാരൻ വലിയവിള നിരപ്പുകോണം സന്തോഷ് ഭവനിൽ അരുൺകുമാറിനെയാണ് (27-സന്തോഷ്) മാറനല്ലൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രിയാണ് അഞ്ചംഗ അക്രമിസംഘം സന്തോഷിനെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് വെട്ടിപ്പരിക്കേല്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സന്തോഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമി സംഘത്തിലെ നാലുപേർ ഒളിവിലാണ്. പ്രദേശത്തെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് സംഘത്തിലുൾപ്പെട്ടതെന്നും കിളികോട്ടുകോണം വലിയവിള, നീറമൺകുഴി, ഊരൂട്ടമ്പലം, മഞ്ഞറമൂല, കീഴ്പാട്ടുവിള തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘത്തിലുൾപ്പെട്ടവരാണ് രണ്ട് വർഷം മുമ്പ് ഊരൂട്ടമ്പലം സ്വദേശിയായ കെ.എസ്.ആർ.ടി.സി കണ്ടക്ടറെ വെട്ടിപ്പരിക്കേല്പിച്ചതെന്നും പോലീസ് പറഞ്ഞു.