ചവറ: വിദേശത്ത് ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും അറുപത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഉൾപ്പെട്ട പ്രധാന കണ്ണി അറസ്റ്റിൽ ആയി . ചിറയിൻകീഴ് ആഴൂർ വില്ലേജിൽ പെരുമാതുറ, മാടൻവിള, കാട്ടുവിളാകം വീട്ടിൽ സുൽഫിക്കർ അഷ്റഫ് (42) ആണ് ചവറ പോലീസിന്റെ പിടിയിലായത്.
ചവറ എസ് ഐ മാരായ സുഖേഷ് എസ്, ജോസഫ് രാജു, സിപിഒ ഹരിജിത് എന്നിവർ ചേർന്നാണ് സുൽഫിക്കറിനെ അറസ്റ്റ് ചെയ്തത്. ജില്ലയിലെ ചവറ , ശക്തികുളങ്ങര , കിഴക്കെ കല്ലട, കടവൂർ, കിളികൊല്ലൂർ തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നായി 60 ഓളം പേരുടെ കൈയിൽ നിന്നുമാണ് സംഘം പണം വാങ്ങി വിസ നൽകാതിരുന്നത്.
ബ്രൂണോ എന്ന രാജ്യത്ത് തൊഴിൽ നൽകാമെന്ന ഉറപ്പിലാണ് സംഘം പണം കൈക്കൽ ആക്കിയത്. തെക്കുംഭാഗം പോലീസ് സ്റ്റേഷനിലും സമാനമായ കേസിലെ പ്രതിയാണ് ഇയാളെന്ന് ചവറ പോലീസ് പറഞ്ഞു.
ഈ കേസുമായി ബന്ധപ്പെട്ട് ചവറ ചെറുശേരി ഭാഗം മേരി സദനത്തിൽ ജെറി ( 31 ), കാവനാട് കന്നിമേൽചേരി കൊന്നയിൽ പടിഞ്ഞാറ്റതിൽ ഷീജാമ്മ ( ഷീല – 36 ) എന്നിവരെ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നേരത്തെ ചവറ പോലീസ് അറസ്റ്റ് ചെയ്തത് റിമാൻ്റ് ചെയ്തിരുന്നു.