ചെറായി: പതിന്നാലോളം കേസില്‍ പ്രതിയും കാപ്പാ ചുമത്തി നാടുകടത്തുകയം ചെയ്ത കുപ്രസിദ്ധ ഗുണ്ട ചെറായി പെട്ടിക്കാട്ട് ആഷിക്കി(29) നെ വടിവാളുമായി മുനമ്പം പോലീസ് പിടികൂടി.
വീട്ടില്‍ വടിവാള്‍ സൂക്ഷിച്ചിട്ടുള്ളതായി സ്വന്തം പിതാവ് തന്നെ വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും ആള് കടന്നു കളഞ്ഞതിനാല്‍ പിടികിട്ടിയില്ല.
പിന്നീട് ചെറായി ഭാഗത്ത് വെച്ച് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവെ മുനമ്പം പ്രിന്‍സിപ്പിള്‍ എസ്ഐ എ.കെ. സുധീറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയില്‍നിന്നും ഏതാണ്ട് മൂന്നര അടിയും നാലുകിലോ തൂക്കവും വരുന്ന വടിവാളാണ് പോലീസ് പിടിച്ചെടുത്തത്.
കാപ്പാ ചുമത്തി ഈ വര്‍ഷം ജനുവരി 30 ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ച പ്രതിയെ കോവിഡിന്റെ പാശ്ചാത്തലത്തില്‍ മാര്‍ച്ച് 30ന് വിട്ടയച്ചതായിരുന്നു. ആയുധം കൈയില്‍ വെച്ചതിനു കേസെടുത്തശേഷം പ്രതിയെ കോവിഡ് ടെസ്റ്റിനു വിധേയമാക്കി.
ടെസ്റ്റ് റിസല്‍ട്ട് ലഭിക്കുന്ന മുറക്ക് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ എസ്ഐ വി.ബി. റഷീദ്, സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു.
ലക്ഷ്യം അയ്യമ്പിള്ളി സ്വദേശിയെ വകവരുത്തല്‍?
ചെറായി: പോലീസ് പിടിയിലായ കുപ്രസിദ്ധ ഗുണ്ട ആഷിക് വടിവാളുമായി കറങ്ങുന്നത് കുറച്ചുനാള്‍മുമ്പ് അങ്കമാലിയില്‍ വെച്ച് പട്ടാപ്പകല്‍ കൊലചെയ്യപ്പെട്ട അത്താണി ബിനോയുടെ കൊലപാതകത്തിനു കൂട്ടു നിന്ന അയ്യമ്പിള്ളി സ്വദേശിയെ വകവരുത്താനെന്ന് പോലീസ്.
അത്താണി ബിനോയിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ആളാണ് ആഷിക്. ബിനോയിയില്‍ നിന്നും സാമ്പത്തികമായ പല സഹായങ്ങളും ആഷിക്കിനു ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
കഞ്ചാവ് കേസിലും അടിപിടിക്കേസിലുമൊക്കെ പ്രതിയായ അയ്യമ്പിള്ളി സ്വദേശിയാണ് അത്താണി ബിനോയിയുടെ നീക്കങ്ങളും മറ്റും കൊലപാതകികളെ സമയാ സമയങ്ങളില്‍ അറിയിച്ചുകൊണ്ടിരുന്നതെന്ന സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു.
ഇത് മനസിലാക്കിയ ആഷിക് ഇയാളെ വകവരുത്താന്‍ വേണ്ടി പ്രത്യേകം തയ്യാര്‍ ചെയ്ത വടിവാള്‍ സംഘടിപ്പിച്ച് പകരം വീട്ടാനായി നടക്കുന്നതിനിടെയാണ് പോലീസ് പിടിയിലായതത്രേ.
അതേ സമയം ഇക്കാര്യം മണത്തറിഞ്ഞ അയ്യമ്പിള്ളി സ്വദേശിയാകട്ടെ പ്രത്യക്ഷത്തില്‍ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.