കാസര്‍ഗോഡ്: വാടക ക്വാര്‍ട്ടേഴ്സില്‍ യുവതിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മുറി പൂട്ടി സ്ഥലംവിട്ട ഭര്‍ത്താവിനെ റെയില്‍വേ സ്റ്റേഷനില്‍വച്ച് പോലീസ് പിടികൂടി.
ഇന്നു പുലർച്ചെയാണ് സംഭവം. ഒരു വര്‍ഷത്തോളമായി പെര്‍ളടുക്ക ടൗണിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവരികയായിരുന്ന അശോകന്റെ ഭാര്യ ഉഷ (35) ആണ് മരിച്ചത്.
ശബരിമലയ്ക്ക് പോകുന്നതിനായി മാലയിട്ടിരുന്ന അശോകന് രാവിലെ ഭജനമന്ദിരത്തില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് പുറത്തുനിന്നും പൂട്ടിയ മുറിക്കുള്ളില്‍ ഉഷയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബേഡകം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അശോകനെ കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന് പരിസരത്തുവച്ച് പിടികൂടിയത്. ഇയാള്‍ നേരത്തേ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പറയപ്പെടുന്നു.